ബ്യൂട്ടിപാർലറുകളിൽ മധ്യവയസ്കന്റെ തട്ടിപ്പ്
Sun, 19 Mar 2023

പെരുമ്പിലാവ്: ഉപഭോക്താവെന്ന വ്യാജേനെ ബ്യൂട്ടിപാർലുകളിൽ എത്തി മധ്യവയസ്കൻ പണം തട്ടി. പെരുമ്പിലാവ് സുറുമ ബ്യൂട്ടിപാർലർ, അക്കിക്കാവിലെ ഷീ ബ്യൂട്ടി പാർലർ എന്നിവിടങ്ങളിലെ ഉടമകളായ ഷീബ, സജ്ന എന്നിവരാണ് തട്ടിപ്പിനിരകളായത്. 19ന് മകളുടെ വിവാഹമാണെന്നും അതിന് മകൾക്ക് ബ്യൂട്ടീഷൻ വർക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് മധ്യവയസ്കൻ ഇവരുടെ സ്ഥാപനങ്ങളിൽ എത്തിയത്. ഫോൺ നമ്പറും നൽകി. തുടർന്ന് പുറത്തുപോയ ഇയാൾ അൽപസമയം കഴിഞ്ഞ് വീണ്ടും തിരികെയെത്തി വീട്ടിലേക്ക് സാധനങ്ങൾ വാങ്ങിയ വകയിൽ താഴത്തെ കടയിൽ 500 രൂപ നൽകാൻ ബാക്കിയുണ്ടെന്നും അത് കൊടുക്കാൻ പണം വേണമെന്നും കുറച്ചുസമയത്തിനകം തിരികെ തരാം എന്നുപറഞ്ഞ് വിശ്വസിപ്പിച്ച് രണ്ടുപേരിൽനിന്നും 500 രൂപ വീതം തട്ടിയെടുത്തു. രണ്ടിടത്തും വ്യത്യസ്ത പേരിലാണ് പരിചയപ്പെടുത്തിയത്. ഒരിടത്ത് ഇസ്മായിലും മറ്റൊരിടത്ത് സലീം എന്നുമാണ് പറഞ്ഞത്. എന്നാൽ, പിന്നീട് നിരവധി തവണ ഫോൺ നമ്പറിൽ വിളിച്ചെങ്കിലും എടുക്കാതായതോടെയാണ് കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്. ഷീ ബ്യൂട്ടി പാർലറിൽ എത്തിയ ഇയാളുടെ ദൃശ്യങ്ങൾ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. സജ്നയും ഷീബയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.