സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടു; പ്രണയം നടിച്ച് പീഡനം; മൂന്ന് പേര്‍ അറസ്റ്റില്‍

news
 കുണ്ടറ: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം സ്വദേശികളായ മൂന്നുപേരെ കുണ്ടറ പോലീസ് പിടികൂടി. പെരുമാതുറ വലിയവിളാകംവീട്ടിൽ ജസീർ (26), വിതുര തൊളിക്കോട് കുന്നുംപുറത്തുവീട്ടിൽ എസ്.നൗഫൽ (27), പെരുമാതുറ വലിയവിളാകംവീട്ടിൽ നിഹാസ് (20) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ ഒന്നാംപ്രതിയായ ജസീർ ആണ് സാമൂഹികമാധ്യമത്തിലൂടെ പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചശേഷം പാലോട്ടുവെച്ച് പീഡിപ്പിച്ചത്. നിഹാസും നൗഫലും ചേർന്നാണ് കാറിൽ പെൺകുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചത്. 21-ന് രാവിലെമുതൽ പെൺകുട്ടിയെ വീട്ടിൽനിന്നു കാണാതായിരുന്നു. കുടുംബാംഗങ്ങളുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ 22-ന് രാവിലെ പെൺകുട്ടിയെ ജസീറിനൊപ്പം പാലോട്ട്‌ കണ്ടെത്തി. പെൺകുട്ടിയെ ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരം അറിയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Share this story