നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചയാളുടെ കൈവശം എം.ഡി.എം.എ
Sun, 19 Mar 2023

അണ്ടത്തോട്: അണ്ടത്തോട് ബീച്ചിൽ സംശയാസ്പദ സാഹചര്യത്തിൽ നാട്ടുകാർ പിടികൂടിയ പ്രതിയെ എം.ഡി.എം.എ കൈവശം വെച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. താനൂർ സ്വദേശി മുഹമ്മദ് ഫസലു എന്ന 23-കാരനെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് അണ്ടത്തോട് വെച്ച് ബൈക്കിൽ പോയിരുന്ന സ്ത്രീയുൾപ്പെടെ യാത്രക്കാരുമായി ഇയാള്‍ വാക്തര്‍ക്കം ഉണ്ടാക്കുകയും ഒരാളെ മർദിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബീച്ച് അറപ്പ റോഡിലൂടെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വടക്കേക്കാട് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് നാല് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. താനൂര്‍ പൊലീസ് സ്റ്റേഷനില്‍ പോക്സോ ഉള്‍പ്പെടെ കേസുകളില്‍ പ്രതിയാണ് ഫസലുവെന്ന് പൊലീസ് പറഞ്ഞു.