Times Kerala

 കൃഷിയിൽ മാതൃകയായി മറ്റത്തൂർ; ഓണക്കാലത്ത് ഒരു കോടിയുടെ വിറ്റു വരവ് 

 
 കൃഷിയിൽ മാതൃകയായി മറ്റത്തൂർ; ഓണക്കാലത്ത് ഒരു കോടിയുടെ വിറ്റു വരവ് 
 

 കൃഷി പോർട്ടലായ എയിംസിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കർഷകരുടെ എണ്ണത്തിൽ സംസ്ഥാന തലത്തിൽ ഒന്നാമതാണ് മറ്റത്തൂർ ഗ്രാമപഞ്ചായത്ത്. 8477 കർഷകരാണ് ഇതുവരെ എയിംസിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 55,000 ത്തോളം ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്തിൽ  പതിനായിരത്തോളം കർഷക കുടുംബങ്ങളാണുള്ളത്.  

മികച്ച കർഷകരും കൃഷിഭൂമിയുമുള്ള മറ്റത്തൂർ ഗ്രാമപഞ്ചായത്ത് ഇന്നും കൃഷിയെ ചേർത്തുപിടിക്കുന്ന പ്രദേശമാണ്. 350 ഹെക്ടറോളം നെൽകൃഷി, 250 ഹെക്ടറിൽ വാഴ കൃഷി എന്നിവയ്ക്ക് പുറമെ പച്ചക്കറികൾ,  ജാതി, തെങ്ങ്, കവുങ്ങ്, റമ്പൂട്ടാൻ തുടങ്ങിയവയിലെല്ലാം ഈ പ്രദേശം മുന്നേറ്റം സൃഷ്ടിച്ചിരിക്കുകയാണ്.  എരിവിലും വിലയിലും കേമനായ കോടാലി മുളക്, നെൽകൃഷിയിൽ തനതു രുചി പകരുന്ന മറ്റത്തൂർ മട്ട, നേന്ത്രവാഴക്കുലകൾ ഇവയെല്ലാം മറ്റത്തൂരിന്റെ അടയാളപ്പെടുത്തലുകളാണ്. ഭൗമസൂചികയിൽ ഇടം പിടിക്കാൻ കാത്തിരിക്കുന്ന ഇനമാണ് കോടാലി മുളക്. 

ഓണക്കാലത്തെ കച്ചവടം

ഓണക്കാലത്ത് ഒരു കോടി രൂപയുടെ വിറ്റു വരവാണ് വിഎഫ്പിസികെയുടെ നേതൃത്വത്തിലുള്ള 2 വിപണന കേന്ദ്രങ്ങളിലൂടെ ലഭിച്ചത്.
ചിങ്ങം ഒന്ന് കർഷക ദിനത്തിൽ മാത്രമായി മറ്റത്തൂർ കർഷക സമിതിയിൽ നിന്നും വിറ്റഴിച്ചത് 25 ടൺ നേന്ത്രവാഴക്കുലകളാണ്. സംസ്ഥാനതലത്തിൽ തന്നെ ഒരു ദിവസത്തെ റെക്കോർഡ് വില്പനയാണിത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 91 ടൺ നേന്ത്രക്കായ, 56 ടൺ പച്ചക്കറികൾ തുടങ്ങിയവയാണ് വിറ്റഴിക്കപ്പെട്ടത്. 

വിവിധ കേന്ദ്ര, സംസ്ഥാന ആവിഷ്കൃത പദ്ധതികൾ, മറ്റത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെ  ജനകീയാസൂത്രണ പദ്ധതികൾ എന്നിവ കൃഷിഭവൻ മുഖാന്തരം സജീവമായാണ് നടപ്പിലാക്കുന്നത്. കൃഷിയിൽ സ്വയം പര്യാപ്തത സൃഷ്ടിക്കാൻ കഴിയും എന്നതിൻ്റെ മികച്ച ഉദാഹരണമാണ് മറ്റത്തൂർ എന്ന കൊച്ചു ഗ്രാമം.

Related Topics

Share this story