മന്ദലാംകുന്ന് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു

പുന്നയൂർ ഗ്രാമപഞ്ചായത്തിലെ മന്ദലാംകുന്ന് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു. എൻ കെ അക്ബർ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. കനോലി കനാലിനോട് ചേർന്ന് താമസിക്കുന്ന ഇരുപത്തിയൊന്നോളം കുടുംബങ്ങളുടെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് ഇതോടെ പരിഹാരമാകും.
പഞ്ചായത്തിലെ 1, 20 വാർഡുകളിലെ കുടിവെള്ളം പരിഹരിക്കുന്നതിനായി പുന്നയൂർ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം പി ഇക്ബാൽ മാസ്റ്റർ സൗജന്യമായി നൽകിയ ഒന്നര സെന്റ് ഭൂമിയിലാണ് പദ്ധതി യാഥാർഥ്യമാക്കിയത്. മുൻ ഗുരുവായൂർ എംഎൽഎ കെ വി അബ്ദുൾ ഖാദറാണ് പദ്ധതിയുടെ പ്രപ്പോസൽ വച്ചത്.
കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം 28ന് വൈകീട്ട് 4 മണിക്ക് എൻകെ അക്ബർ എംഎൽഎ നിർവഹിക്കും. മുൻ എംഎൽഎ കെ വി അബ്ദുൾ ഖാദർ മുഖ്യാതിഥിയാകും. പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.