മലപ്പുറം: ജില്ലയിൽ വേനൽചൂട് കഠിനമാകുന്നതിനിടെ കരിപ്പൂർ കുമ്മിണിപറമ്പിൽ യുവാവിന് സൂര്യാതപമേറ്റു. മരപ്പണിയിൽ ഏർപ്പെട്ടിരുന്ന മേലെ മംഗലത്തു അഖിലിനാണ് പൊള്ളലേറ്റത്. ജോലി ചെയ്യുന്നതിനിടെ ശരീരത്തിൽ അസഹ്യമായ നീറ്റൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വയറിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തുകയും ഉടൻ തന്നെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.(Man in Malappuram suffered a heatstroke, Heatwave warning in the state)
സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തീവ്ര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്: 41°C വരെ, തൃശൂർ: 40°C വരെ, കൊല്ലം: 39°C വരെ, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്: 38°C വരെ, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർഗോഡ്: 37°C വരെ, തിരുവനന്തപുരം: 36°C വരെ എന്നിങ്ങനെ താപനില ഉയർന്നേക്കാം.
താപനില ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. നിർമ്മാണ തൊഴിലാളികൾ, കർഷകർ, വഴിയോര കച്ചവടക്കാർ തുടങ്ങിയവർ ജോലി സമയം പുനഃക്രമീകരിക്കുകയും ജാഗ്രത പാലിക്കുകയും വേണം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. നിർജ്ജലീകരണം ഒഴിവാക്കാൻ ഒ.ആർ.എസ് (ORS), സംഭാരം തുടങ്ങിയവ ഉപയോഗിക്കുക. വരും ദിവസങ്ങളിലും താപനില ഉയർന്ന നിലയിൽ തുടരാൻ സാധ്യതയുള്ളതിനാൽ വയോധികർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

