മധ്യപ്രദേശിൽ മലയാളി വിദ്യാർഥികളെ മർദിച്ച സംഭവം: നടപടി വേണമെന്ന് സ്റ്റാലിൻ
Wed, 15 Mar 2023

ചെന്നൈ: മധ്യപ്രദേശിലെ അമർകാന്ത് സർവകലാശാലയിൽ മലയാളി വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. വിദ്യാർഥികളെ സംരക്ഷിക്കേണ്ടവർ തന്നെ അവരെ മർദിക്കുന്നത് അപലപനീയമാണ്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും രാജ്യത്തെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ജാതീയ-വംശീയ വിവേചനങ്ങൾ വർധിക്കുന്നു എന്നും സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു. കുറ്റവാളികൾക്ക് ശിക്ഷയുറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ചയാണ് അമർകാന്ത് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാലയിലെ (ഐജിഎൻടിയു) നാല് മലയാളി വിദ്യാർഥികളെ സുരക്ഷാജീവനക്കാർ ക്രൂരമായി മർദിച്ചത്. സർവകലാശാല കവാടത്തിലെ കുടിവെള്ളസംഭരണിയുടെ ചിത്രം പകർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്.