വ്യവസായിക അടിസ്ഥാനത്തിൽ ചാരായ നിർമ്മാണം; മൂന്ന് പേർ അറസ്റ്റിൽ
Sun, 19 Mar 2023

കൊല്ലം: പുനലൂർ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.സുദേവൻന്റെ നേതൃത്വത്തിലുള്ള സംഘം വ്യവസായിക അടിസ്ഥാനത്തിലുള്ള ചാരായ നിർമ്മാണ യൂണിറ്റ് കണ്ടെത്തി മൂന്നു പേരെ അറസ്റ്റ് ചെയ്തു. അഞ്ചൽ, അരിപ്ലാച്ചി സ്വദേശി ജോസ് പ്രകാശിന്റെ വീട്ടിൽ നടത്തിവന്നിരുന്ന വ്യവസായിക അടിസ്ഥാനത്തിലുള്ള ചാരായ നിർമ്മാണ യൂണിറ്റാണ് കണ്ടെത്തിയത്. വീടിൻറെ രണ്ടാം നിലയിൽ ആധുനിക രീതിയിൽ സജ്ജീകരിച്ച നിർമ്മാണ യൂണിറ്റിൽ മൂന്ന് ബാരലുകളിലായി സൂക്ഷിച്ചിരുന്ന ആയിരം ലിറ്റർ കോടയും, 5 ലിറ്റർ ചാരായവും, ഗ്യാസ് സ്റ്റൗ സിലിണ്ടറും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കസ്റ്റഡിയിലെടുത്തു. ബാത്റൂമിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് ജലവിതരണ സംവിധാനവും, ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് വലിയ അടുപ്പുകളും സജ്ജീകരിച്ചിരുന്നു. വിവിധതരം പഴങ്ങളും, ആയുർവേദ ഉത്പന്നങ്ങളും ഉപയോഗിച്ചു കോട ഉണ്ടാക്കിയിരുന്ന ഇവർ ചാരായത്തിന് ലിറ്ററിന് 1500/- രൂപ വരെ ഈടാക്കിയിരുന്നതായി മൊഴി നൽകിയിട്ടുണ്ട്. കൊട്ടാരക്കര ചടയമംഗലം സ്വദേശി അനിൽകുമാർ എന്ന സ്പിരിറ്റ് കണ്ണൻ ആയിരുന്നു ചാരായ നിർമ്മാണത്തിന്റെ മേൽനോട്ടക്കാരൻ. ചടയമംഗലം വെള്ളുപ്പാറ സ്വദേശി മണിക്കുട്ടൻ ആയിരുന്നു പ്രധാന സഹായി, സാമ്പത്തികവും സ്ഥല സൗകര്യവും ഏർപ്പെടുത്തിയത് ജോസ് പ്രകാശ് ആണ്. ഇവർ എല്ലാപേരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. പാർട്ടിയിൽ പ്രിവൻ്റിവ് ഓഫിസർ അൻസർ.A, K P ശ്രീകുമാർ, ബി.പ്രദീപ്കുമാർ, സിവിൽ എക്സൈസ് ഓഫസർമാരായ അനീഷ്അർക്കജ്, ഹരിലാൽ S, റോബി C M എന്നിവർ പങ്കെടുത്തു.