'കുഞ്ഞാലിക്കുട്ടിയുടെ താൽപര്യപ്രകാരം ലീഗ് എംഎൽഎയും ആർഎസ്എസ് നേതാക്കളും ചർച്ച നടത്തി’; കെ.എസ് ഹംസ
Sun, 19 Mar 2023

കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുസ്ലീം ലീഗ് പുറത്താക്കിയ മുൻ സെക്രട്ടറി കെ എസ് ഹംസ. ആർ എസ് എസ് നേതാക്കൾ ലീഗ് എം എൽ എ യുമായി ചർച്ച നടത്തിയെന്ന വെളിപ്പെടുത്തൽ സത്യമാണ്. കുഞ്ഞാലിക്കുട്ടിയുടെ താൽപര്യപ്രകാരമായിരുന്നു കൂടിക്കാഴ്ച. ലീഗിനെ ഇടത് പാളയത്തിൽ എത്തിക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യം. ദീർഘകാല അടിസ്ഥാനത്തിൽ ഇത് ബിജെപിക്ക് ഗുണം ചെയ്യും.
ലീഗിനെ എൽഡിഎഫിൽ എത്തിക്കാനാണ് കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നത്. സാദിഖലി തങ്ങൾ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനവലയത്തിലാണ്. ചന്ദ്രിക പണമിടപാട് കേസിൽ ഇ ഡിയെ താൻ സെറ്റിൽ ചെയ്തിട്ടുണ്ട് എന്ന് കുഞ്ഞാലികുട്ടി പാർട്ടി യോഗത്തിൽ പറഞ്ഞു. കെ ടി ജലീലുമായി കുഞ്ഞാലികുട്ടി ഒത്തുതീർപ്പ് ഉണ്ടാക്കിയതായും കെ എസ് ഹംസ ആരോപിച്ചു.
ഇന്നലെ നടന്ന സംസ്ഥാന കൗൺസിൽ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിക്കുമെന്നും സംസ്ഥാന കൗൺസിലിലേക്ക് മത്സരിക്കാതിരിക്കാനാണ് തിരഞ്ഞെടുപ്പ് ദിവസം തന്നെ പുറത്താക്കിയതെന്നും ഹംസ പറഞ്ഞു.