Times Kerala

 ഭൂമി തരംമാറ്റൽ:  അദാലത്തിലൂടെ 2461 അപേക്ഷകൾ തീർപ്പാക്കി ഉത്തരവ് കൈമാറി

 
 ഭൂമി തരംമാറ്റൽ:  അദാലത്തിലൂടെ 2461 അപേക്ഷകൾ തീർപ്പാക്കി ഉത്തരവ് കൈമാറി
 കോഴിക്കോട് റവന്യൂ ഡിവിഷൻ ഓഫീസ് പരിധിയിൽ തീർപ്പാക്കിയത് 1254 അപേക്ഷകളും വടകര പരിധിയിൽ 1207 ഉം 
ജില്ലയിൽ ഭൂമി തരംമാറ്റൽ അപേക്ഷ നൽകിയവരിൽ 2461 പേരുടെ അപേക്ഷകൾ അദാലത്തിലൂടെ തീർപ്പാക്കി ഉത്തരവ് കൈമാറി. 
കോഴിക്കോട് റവന്യു ഡിവിഷൻ ഓഫീസ് പരിധിയിൽ 1254 അപേക്ഷകളും വടകര റവന്യു ഡിവിഷൻ ഓഫീസ് പരിധിയിൽ 1207 അപേക്ഷകളുമാണ് വ്യാഴാഴ്ച നടന്ന രണ്ട് അദാലത്തുകളിലൂടെ തീർപ്പാക്കിയത്.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സൗജന്യ ഭൂമി തരം മാറ്റുന്നതിന് അർഹതയുള്ള 25 സെൻ്റ് വരെ വിസ്തൃതിയുള്ള ഭൂമിയുടെ അപേക്ഷകളാണ് അദാലത്തുകളിൽ പരിഗണിച്ചത്. ഡിസംബർ 31 വരെയുള്ള അപേക്ഷകൾ പരിഗണിച്ചു. നിലവിൽ ഉത്തരവ് ലഭിക്കാത്തവരുടെ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുമെന്നും നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു. 
കോഴിക്കോട് റവന്യു ഡിവിഷനിലെ കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലെ അദാലത്ത് രാവിലെ കോഴിക്കോട് ജൂബിലി ഹാളിലാണ് നടന്നത്. 10 കൗണ്ടറുകളിലായാണ് ഉത്തരവ് വിതരണം ചെയ്തത്. 
ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിങ് ഉദ്ഘാടനം ചെയ്തു. സബ് കലക്ടർ ഹർഷിൽ ആർ മീണ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടർ ഷാമിൽ സബാസ്റ്റ്യൻ, തഹസിൽദാർമാരായ എം പ്രേംലാൽ, കെ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. എ.ഡി.എം സി. മുഹമ്മദ് റഫീഖ് സ്വാഗതവും ഭൂരേഖ തഹസിൽദാർ ശ്രീകുമാർ നന്ദിയും പറഞ്ഞു.
വടകര റവന്യു ഡിവിഷനിൽ 1207 അപേക്ഷകളാണ് തീർപ്പാക്കിയത്.
വടകര ടൗൺഹാളിൽ സംഘടിപ്പിച്ച അദാലത്തിൽ വടകര, കൊയിലാണ്ടി താലൂക്കുകളിലെ ഭൂമി തരം മാറ്റം ഉത്തരവാണ് ജില്ലാ കലക്ടർ കൈമാറിയത്. ടൗൺ ഹാളിൽ പ്രത്യേകം ഒരുക്കിയ 11 കൗണ്ടറുകളിലൂടെയാണ് ഉത്തരവ് വിതരണം ചെയ്തത്. 
വടകര ആർ ഡി ഒ സി ബിജു അധ്യക്ഷത വഹിച്ചു. മികച്ച സേവനം കാഴ്ചവെച്ച വില്ലേജ് ഓഫീസർമാർക്കും റവന്യൂ ഉദ്യോഗസ്ഥർക്കും ചടങ്ങിൽ ജില്ലാ കലക്ടർ അനുമോദന പത്രം കൈമാറി.
തഹസിൽദാർമാരായ സി പി മണി, കലാ ഭാസ്കർ, കെ ഷിബു, വർഗീസ് കുര്യൻ, രേഖ എന്നിവർ സംബന്ധിച്ചു. ഡെപ്യൂട്ടി കലക്ടർ പി എൻ പുരുഷോത്തമൻ സ്വാഗതവും വടകര ആർ ഡി ഒ സീനിയർ സുപ്രണ്ട് അനീഷ് ശങ്കർ നന്ദിയും പറഞ്ഞു.

Related Topics

Share this story