Times Kerala

2165 ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍: കുടുംബശ്രീ ജില്ലാ മിഷന്‍ മാതൃകയാകുന്നു

 
2165 ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍: കുടുംബശ്രീ ജില്ലാ മിഷന്‍ മാതൃകയാകുന്നു

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കേരള നോളേജ് ഇക്കോണമി മിഷന്റെയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെയും സഹകരണത്തോടെ ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കി കുടുംബശ്രീ ജില്ലാ മിഷന്‍ മാതൃകയാകുന്നു.

വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 47 തൊഴില്‍ മേളകള്‍ ജില്ലയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം സംഘടിപ്പിച്ചിട്ടുണ്ട്. തൊഴില്‍മേളകളിലൂടെ 2165 ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ നേടി. യാതൊരുവിധ ഫീസും ഈടാക്കാതെ കമ്പനികള്‍ നേരിട്ട് നടത്തുന്ന അഭിമുഖങ്ങള്‍ മുഖേനയാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. പരമാവധി ഗ്രാമപ്രദേശങ്ങളിലാണ് ഇത്തരം തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത്.തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഓരോ സി.ഡി.എസിലേയും കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ തൊഴില്‍ അന്വേഷകരെ കണ്ടെത്തി വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കുകയും മേളകളിലേക്ക് യുവതീയുവാക്കളെ തയ്യാറാക്കി നല്‍കുകയും ചെയ്യുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ധാരാളം കമ്പനികളുടെ സഹകരണം ഇത്തരത്തിലുള്ള മേളകള്‍ക്ക് ലഭ്യമാകുന്നുണ്ടെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

ഫെബ്രുവരി നാലിന് തൃത്താല നിയോജകമണ്ഡലത്തിലെ വാവനൂര്‍ നാഗലശ്ശേരി ജി.എച്ച്.എസില്‍ രാവിലെ ഒന്‍പത് മുതല്‍ ജില്ലാതല തൊഴില്‍മേള നടക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. ചന്ദ്രദാസ് അറിയിച്ചു. അവലോകന യോഗത്തില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ എം. ഫൈസല്‍, കെ-ഡിസ്‌ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story