കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നിർത്തലാക്കുന്നു; ഇനി എല്ലാം കെ സ്വിഫ്റ്റിന്

ചാത്തന്നൂർ: കെഎസ്ആർടിസിയുടെ അഭിമാനമായിരുന്ന ദീർഘദൂര സർവീസുകൾ നിർത്തലാക്കുന്നു. വൻ വരുമാനം നേടികൊണ്ടിരുന്ന ഈ സർവീസുകൾ ഘട്ടംഘട്ടമായി കെ സ്വിഫ്റ്റിന് കൈമാറുകയാണ്. ഇതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ ദീർഘദൂര ബുക്കിംഗ് സംവിധാനം നിർത്തലാക്കുകയാണ്.
ചൊവ്വാഴ്ച മുതൽ കെഎസ്ആർടിസി കെ-സിഫ്റ്റ് ബസുകളുടെ ബുക്കിംഗ് onlineksrtcswift.com എന്ന പുതിയ വെബ്സൈറ്റിലും enteksrtcneooprs എന്ന മൊബൈൽ ആപ്പിലേയ്ക്കുമാണ് മാറ്റിയിരിക്കുന്നത്. പഴയ കെഎസ്ആർടിസി സൈറ്റിലൂടെ ഇനി ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കില്ല.

ദീർഘകാലമായി കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുകയോ 2016ന് ശേഷം ജീവനക്കാരെ പുതുതായി നിയമിക്കുകയോ ചെയ്തിരുന്നില്ല. കെ സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിച്ച ശേഷം കെഎസ് ആർടിസിയുടെ ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുള്ളവയുടെ പെർമിറ്റുകൾ കെ സ്വിഫ്റ്റിന് കൈമാറി കൊണ്ടിരിക്കുകയാണ്.