തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ പ്രാഥമിക നടപടികൾ ആരംഭിച്ചു (KSRTC Free Travel for Women). പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകാവുന്ന കൃത്യമായ സാമ്പത്തിക ബാധ്യത കണക്കാക്കുന്നതിനായി നാളെ മുതൽ ടിക്കറ്റ് മെഷീനുകളിൽ മാറ്റം വരുത്തും.
നാളെ മുതൽ കെഎസ്ആർടിസി ബസ്സുകളിൽ നൽകുന്ന ടിക്കറ്റുകളിൽ സ്ത്രീ (Female), പുരുഷൻ (Male) എന്നിങ്ങനെ വേർതിരിച്ച് രേഖപ്പെടുത്താൻ നിർദ്ദേശം നൽകി. ഒരു ദിവസം ശരാശരി എത്ര സ്ത്രീകൾ കെഎസ്ആർടിസിയെ ആശ്രയിക്കുന്നുണ്ടെന്നും, സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസം എത്ര രൂപയുടെ അധിക ബാധ്യത സർക്കാരിനുണ്ടാകുമെന്നും കണ്ടെത്താനാണ് ഈ നീക്കം. കെഎസ്ആർടിസി അഡിഷണൽ ജനറൽ മാനേജരാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ, യുഡിഎഫിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ഈ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ധനവകുപ്പ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ വിവരശേഖരണം തുടങ്ങുന്നത്. നിലവിൽ വിവരശേഖരണം മാത്രമാണ് നടക്കുന്നത്; പുതിയ സർക്കാർ അധികാരമേറ്റെടുത്ത ശേഷമായിരിക്കും സൗജന്യ യാത്ര ഔദ്യോഗികമായി പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.
കർണാടകയിലെ ‘ശക്തി’ പദ്ധതി മാതൃകയിൽ കേരളത്തിലും സ്ത്രീകൾക്ക് സൗജന്യ യാത്ര വരുന്നത് കെഎസ്ആർടിസിക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. എങ്കിലും, നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഈ പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്നത് സർക്കാരിന് വലിയ വെല്ലുവിളിയായിരിക്കും.
Story Summary: KSRTC has initiated preliminary steps to provide free travel for women, a key poll promise of the UDF. Starting tomorrow, ticket machines will record gender (Male/Female) to estimate the daily number of women passengers and calculate the resulting financial burden on the state exchequer. The final rollout of the scheme will happen after the new government takes office.

