തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന കോടികളുടെ ആഭരണ കവർച്ച അതീവ കൃത്യതയോടെ ആസൂത്രണം ചെയ്തതാണെന്ന നിഗമനത്തിൽ ക്രൈം ബ്രാഞ്ച് (Kowdiar Palace Robbery Case). കൊട്ടാരത്തിലെ മുതിർന്ന അംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പൗരാണിക മൂല്യമുള്ള ആഭരണങ്ങളാണ് മോഷണം പോയത്. എന്നാൽ, കവർച്ച നടന്ന കാലയളവിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സാധിക്കാത്തത് അന്വേഷണത്തിന് വലിയ തിരിച്ചടിയായി.
ശാസ്ത്രീയ പരിശോധനകൾ നടത്തിയിട്ടും മോഷണം നടന്ന മാസത്തെ ദൃശ്യങ്ങൾ നശിച്ചുപോയെന്നാണ് ലഭിക്കുന്ന വിവരം. പരാതി നൽകാൻ ഉണ്ടായ കാലതാമസമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2025 നവംബറിൽ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടെങ്കിലും 2026 മാർച്ചിലാണ് പോലീസിൽ പരാതി നൽകിയത്. ഏകദേശം രണ്ട് കോടി രൂപയോളം വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും വജ്രങ്ങളുമാണ് നഷ്ടമായത്.
കവർച്ച നടന്ന സമയത്ത് കൊട്ടാരത്തിൽ അതിഥികളായി എത്തിയ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ ബന്ധുക്കളെ പോലീസ് വിളിച്ചുവരുത്തി. ഇതിനോടകം 20-ഓളം പേരുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. ഇവരുടെ മൊബൈൽ ഫോൺ രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്. കൊട്ടാരത്തിലെ ജീവനക്കാരെയും കുടുംബാംഗങ്ങളെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മുറിയിൽ അതിക്രമിച്ചു കയറിയ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ കൊട്ടാരവുമായി അടുത്ത ബന്ധമുള്ളവർക്ക് കവർച്ചയിൽ പങ്കുണ്ടോ എന്നാണ് പോലീസ് സംശയിക്കുന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പേരൂർക്കട പോലീസിൽ നിന്നും അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. അതീവ സുരക്ഷാ മേഖലയായ കവടിയാർ കൊട്ടാരത്തിനുള്ളിൽ നടന്ന ഈ മോഷണം പോലീസിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്.
Summary: Police suspect a well-planned “mastermind” robbery at the Kowdiar Palace in Thiruvananthapuram, where antique jewelry worth ₹2 crore belonging to Aswathi Thirunal Gauri Lakshmi Bayi was stolen. The investigation faces a hurdle as CCTV footage from the period cannot be retrieved. Crime Branch has questioned 20 people, including relatives from Bengaluru and Chennai who visited during the suspected time, and is analyzing their mobile records.

