Times Kerala

പുരപ്പുറ സൗരോര്‍ജ നിലയത്തിന്റെ കൊട്ടാരക്കര മണ്ഡലതല ഉദ്ഘാടനം നടന്നു
 

 
236
കൊല്ലം  ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉദ്പാദന മേഖലയിലേക്ക് കടന്ന് വരണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കെ.എസ്.ഇ.ബി യുടെ സൗരപദ്ധതിയുടെ ഭാഗമായ പുരപ്പുറ സൗരോര്‍ജ നിലയത്തിന്റെ കൊട്ടാരക്കര മണ്ഡലതല ഉത്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ സ്ഥാപിച്ച 14 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റ് മന്ത്രി സ്വിച്ഓണ്‍ ചെയ്തു. പ്രതിദിനം 56 യൂണിറ്റ് ഉത്പാദനശേഷിയുള്ള എഴുകോണിലെ പ്ലാന്റില്‍ 10 ശതമാനം യൂണിറ്റ് റൂഫ് ടോപ് വാടകയിനത്തില്‍ ഉപഭോക്താവിന് സൗജന്യമായി 25 വര്‍ഷം ഉപയോഗിക്കാം. 5.93 ലക്ഷം രൂപയാണ് മുതല്‍മുടക്കില്‍ കെ.എസ്.ഇ.ബി ആണ് പദ്ധതി നിര്‍വഹിച്ചിരിക്കുന്നത്. ടാറ്റ പവര്‍ സോളാര്‍ സിസ്റ്റം ലിമിറ്റഡ് ഒരുക്കിയ സംവിധാനത്തിന്റെ അറ്റകുറ്റപ്പണികളും നിര്‍വഹിക്കുന്നു.

ഊര്‍ജ്ജകേരള മിഷന്റെ ഭാഗമായി പുനരുപയോഗ സ്രോതസ്സില്‍ നിന്നും 1000 മെഗാവാട്ട് ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സൗര. ആദ്യ ഘട്ടത്തില്‍ സബ്‌സിഡി ഇല്ലാതെയും രണ്ടാമത് 200 മെഗാവാട്ട് സൗരോര്‍ജ പ്ലാന്റുകള്‍ സബ്‌സിഡിയോടെയും അനുവദിക്കും. മൂന്ന് കിലോവാട്ട് വരെ 40 ശതമാനവും മൂന്നു മുതല്‍ 10 കിലോവാട്ട് വരെ 20 ശതമാനവും ഉപഭോക്താവിന് സബ്‌സിഡി നല്‍കും.

Related Topics

Share this story