Times Kerala

 ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ സ്വിസ് വിദേശസഞ്ചാരിയിക്ക് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലൂടെ പുതുജീവന്‍

 
 ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ സ്വിസ് വിദേശസഞ്ചാരിയിക്ക് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലൂടെ പുതുജീവന്‍
 

കൊച്ചി: വിനോദസഞ്ചാരത്തിനിടെ ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശി കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയില്‍ സുഖം പ്രാപിച്ചു നാട്ടിലേക്ക് മടങ്ങി. കേരളം മുഴുവന്‍ ബൈക്കില്‍ ചുറ്റിക്കാണാന്‍ ഒരുമാസം മുന്‍പാണ് ഹാന്‍സ് റുഡോള്‍ഫ് ഇന്ത്യയിലെത്തിയത്. ഒറ്റയ്ക്കായിരുന്നു യാത്ര. സഞ്ചാരത്തിനിടെ ബൈക്ക് തെന്നിവീണ് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. മറ്റാരും കൂടെയുണ്ടായിരുന്നില്ലാതതിനാല്‍ നാട്ടുകാര്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുടര്‍ചികിത്സ ബുദ്ധിമുട്ടായിരുന്നു.അദ്ദേഹം താമസിച്ചിരുന്ന ഹോംസ്റ്റേയിലെ ജീവനക്കാരാണ് സമയോചിതമായ തീരുമാനങ്ങളെടുത്തത്. അദ്ദേഹത്തെ ഉടന്‍ തന്നെ ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തില്‍ ഹാന്‍സ് റുഡോള്‍ഫിന്റെ വാരിയെല്ലുകള്‍ ഒടിയുകയും ശ്വാസകോശത്തില്‍ ചതവുകള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ശ്വാസകോശത്തിലെ മുറിവുകള്‍ പഴുക്കുകയും ന്യൂമോണിയ പിടിപെടുകയും ചെയ്തതോടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് ഗുരുതരമാം വിധം കുറഞ്ഞു. ഉടന്‍ തന്നെ ഹാന്‍സിനെ വെന്റിലേറ്ററിലേക്ക് മാറ്റി.

എന്നാല്‍ ഹാന്‍സിനൊപ്പം ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതിരുന്നതിനാല്‍, അതീവ നിര്‍ണായകമായ തുടര്‍ചികിത്സയ്ക്ക് ആവശ്യമായ സമ്മതപത്രം നല്കാന്‍ ആരുമുണ്ടായിരുന്നില്ല. എത്രയും വേഗം ചികിത്സ നല്‍കിയില്ലെങ്കില്‍ ഹാന്‍സിന്റെ ജീവന്‍ നഷ്ടമാകുന്ന സാഹചര്യമായിരുന്നതിനാല്‍, ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയിലെ അധികൃതര്‍ സ്വിസ് എമ്പസിയുമായി ബന്ധപ്പെട്ട് ചികിത്സാകാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണസ്വാതന്ത്ര്യം എംബസി അധികൃതര്‍ അനുവദിച്ചു നല്‍കി. ഹോംസ്റ്റേ ജീവനക്കാരാണ് ചികിത്സയ്ക്കും സര്‍ജറിക്കുമുള്ള അനുമതിപത്രത്തില്‍ ഒപ്പിട്ടത്.

നെഞ്ചിന്റെയും ഹൃദയത്തിന്റെയും ചികിത്സാവിഭാഗമായ കാര്‍ഡിയോതോറാസിക്ക് ആന്‍ഡ് വസ്‌ക്യൂലര്‍ സര്‍ജറി വിഭാഗമാണ് ഹാന്‍സിനെ ചികിത്സ ഏറ്റെടുത്തത്. സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. മനോജ് പി നായരാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. ഡോ. ജോര്‍ജ് വര്‍ഗീസ് (കണ്‍സല്‍ട്ടന്റ്), സീനിയര്‍ സ്‌പെഷ്യലിസ്റ്റുകളായ ഡോ. സബിന്‍ സാം, ഡോ. ജിഷ്ണു പള്ളിയാണി എന്നിവരും ദൗത്യത്തില്‍ പങ്കാളികളായി. അനസ്‌തേഷ്യ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. സുരേഷ് ജി നായര്‍, കണ്‍സല്‍ട്ടന്റ് ഡോ. ജോയല്‍ ദേവസ്സിയ വാഴക്കാട്ട് എന്നിവരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ഹാന്‍ഡ് റുഡോള്‍ഫിന് ആവശ്യമായ ചികിത്സ നല്‍കിയത്.

മാട്രിക്‌സ് ബയോണ്‍സ് ഡീപയ് എന്ന അത്യാധുനിക ചികിത്സാ സമ്പ്രദായം ഉപയോഗിച്ചാണ് പൊട്ടിപ്പോയ വാരിയെല്ലുകള്‍ കൂട്ടിച്ചേര്‍ത്തതെന്ന് ഡോ. മനോജ് പി നായര്‍ വിശദീകരിച്ചു. ശ്വാസതടസ്സവും ന്യൂമോണിയയും ഭേദമാക്കി ജീവന്‍ രക്ഷിക്കുന്നതില്‍ ഈ ചികിത്സ ഏറെ നിര്‍ണായകമായി എന്ന് ഡോ. ജോര്‍ജ് വര്‍ഗീസ് കുര്യന്‍ പറഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാട്രിക്‌സ് ബയോണ്‍സ് ഡീപയ് സര്‍ജറി നടക്കുന്നത് ആസ്റ്റര്‍ മെഡ്‌സിറ്റിയിലാണ്.

ഈ സംഭവത്തിൽ ആസ്റ്റർ മെഡ്സിറ്റയെ പ്രത്യേകമായി അഭിനന്ദിച്ച പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്,  കേരളത്തിലെ ടൂറിസം മേഖലയിൽ തന്നെ ആസ്റ്റർ മെഡ്സിറ്റി മുതൽക്കൂട്ടാണെന്നും തുടർന്നും മെഡിക്കൽ ടൂറിസം മേഖലയിൽ അവരുടെ സ്തുത്യർഹമായ സേവനങ്ങൾ തുടരട്ടെ എന്നും ആശംസിച്ചു. 

ഉന്നതനിലവാരമുള്ള ചികിത്സാ സംവിധാനങ്ങള്‍ കേരളത്തില്‍ ഉള്ളത് കൊണ്ടാണ് ഹാന്‌സിന്റെ ജീവന്‍ രക്ഷിക്കാനായതെന്ന് ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ അനിവാര്യമാണ്. ആസ്റ്ററിലെ അടിയന്തര ചികിത്സാവിഭാഗത്തിന്റെയും ശസ്ത്രക്രിയാ വിഭാഗത്തിന്റെയും മികവിനെ അദ്ദേഹം പ്രശംസിച്ചു. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സമയോചിതമായ ഇടപെടലും കേരളത്തിലേക്ക് വന്ന ഒരതിഥിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഒരു വലിയ പങ്കുവഹിച്ചു.

Related Topics

Share this story