കിൻഫ്ര പാർക്കിലെ തീപിടിത്തം: വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: കേരള മെഡിക്കൽ കോർപ്പറേഷൻ മരുന്ന് ഗോഡൗണിൽ ഉണ്ടായ തീപിടിത്തത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്നിരക്ഷാ സേനാംഗം മരിച്ചത് ദൗര്‍ഭാഗ്യകരമെന്നും മന്ത്രി പറഞ്ഞു. തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കുമെന്ന് കിന്‍ഫ്ര എം.ഡി സന്തോഷ് കോശിയും വ്യക്തമാക്കി.

തീപിടിത്തം സര്‍ക്കാരിന്റെ സ്ഥിരം പരിപാടി, രേഖകള്‍ നശിപ്പിക്കാനുള്ള തന്ത്രം: സതീശന്
തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ തീപിടിത്തത്തില്‍ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കോവിഡ് കാലത്തെ മരുന്ന് പര്‍ച്ചേസ് അഴിമതിയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ ലോകായുക്ത അന്വേഷണം നടക്കുന്നതിനിടെയാണ് തുടര്‍ച്ചയായി തീപിടിത്തമുണ്ടാകുന്നതെന്ന് സതീശന് പറഞ്ഞു.കോവിഡ് കാലത്ത് വാങ്ങിയ മരുന്നുകളും മെഡിക്കല്‍ സാമഗ്രികളും ഉള്‍പ്പെടെ കത്തിനശിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. 2014ല്‍ തന്നെ എക്സ്പയറി ഡേറ്റ് കഴിഞ്ഞ നിരവധി മരുന്നുകളാണ് കത്തിനശിച്ചത്.
മെഡിക്കല്‍ സാമഗ്രികള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് ഉണ്ടായിരിക്കേണ്ട പ്രാഥമികമായ സുരക്ഷാ സംവിധാനങ്ങള്‍ പോലും തുമ്പയിലെ മരുന്ന് സംഭരണ ശാലയില്‍ ഒരുക്കിയിരുന്നില്ല. കൊല്ലത്തെ സംഭരണശാലയ്ക്ക് അഗ്നിശമനസേന എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നെന്നും സതീശന് പറഞ്ഞു.
കൊല്ലത്ത് ബ്ലീച്ചിംഗ് പൗഡറില്‍ നിന്നാണ് തീപിടിത്തമുണ്ടായത്. ഇതേ കാരണം കൊണ്ടാണ് തിരുവനന്തപുരത്തെ മരുന്നു സംഭരണശാലയിലും തീപിടിത്തം ഉണ്ടായതെന്ന വാദം അവിശ്വസനീയമാണെന്ന് സതീശന് വ്യക്തമാക്കി. ഏതെങ്കിലും വിഷയത്തില്‍ അന്വേഷണം നടക്കുമ്പോള്‍ തീപിടിത്തമുണ്ടാക്കുന്നത് സര്‍ക്കാരിന്റെ സ്ഥിരം പരിപാടിയാണെന്ന് സതീശന് വിമര്‍ശിച്ചു. സ്വര്‍ണക്കടത്തും എഐ കാമറയും വിവാദമായപ്പോള്‍ സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായി. നിര്‍ണായക രേഖകള്‍ നശിപ്പിക്കാനുള്ള തന്ത്രമാണിതെന്നും സതീശന് ആരോപിച്ചു.
കോവിഡിന്റെ മറവില്‍ 1032 കോടിയുടെ അഴിമതി നടത്തിയ കേസിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അന്നത്തെ ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതുകൊണ്ട് സംഭവത്തില്‍ ഗൗരവമായ അന്വേഷണം വേണമെന്ന് സതീശന് ആവശ്യപ്പെട്ടു.