തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 5 ബുധനാഴ്ച നടത്താനിരുന്ന തിയറി, പ്രാക്ടിക്കൽ, വൈവവോസി ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചതായി കേരള സർവകലാശാല അറിയിച്ചു (Kerala rain holiday). പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കും. എന്നാൽ, കേരള സർവകലാശാല പഠന വകുപ്പുകൾ (University Departments) നടത്തുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.
കാലാവസ്ഥ കടുത്തതിനെ തുടർന്ന് നാളെ (05-08-2026) സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, വയനാട്, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് അങ്കണവാടികൾ, സ്കൂളുകൾ, കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ പഠനകേന്ദ്രങ്ങൾക്കും അവധി നൽകിയിരിക്കുന്നത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) ഏറ്റവും പുതിയ പ്രവചനപ്രകാരം നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിലും തീരദേശങ്ങളിലും ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
b Kerala University has postponed all theory, practical, and viva-voce examinations scheduled for Wednesday, August 5, due to persistent heavy rains, while university department exams remain unchanged. Additionally, school and college holidays have been declared in five districts, with an Orange Alert issued across nine districts.


