തിരുവനന്തപുരം: കേരളത്തെ പിടിച്ചുകുലുക്കിയ പി.എസ്.സി നിയമനത്തട്ടിപ്പ് കേസിൽ സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കി കേരള പബ്ലിക് സർവീസ് കമ്മീഷൻ. കേസിൽ പ്രഖ്യാപിച്ചിട്ടുള്ള ക്രൈംബ്രാഞ്ച് അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാൻ പി.എസ്.സി കമ്മീഷൻ യോഗം തീരുമാനിച്ചു.(Kerala PSC to cooperate with Crime Branch probe in job scam row and share documents)
അന്വേഷണസംഘം ആവശ്യപ്പെടുന്ന എല്ലാ രേഖകളും കൈമാറുമെന്നും കമ്മീഷൻ അറിയിച്ചു. നിലവിൽ ഉയർന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളുടെ വസ്തുതാപരമായ നിജസ്ഥിതി അന്വേഷണത്തിലൂടെ പൊതുസമൂഹത്തിന് മുന്നിൽ ബോധ്യപ്പെടുത്തേണ്ടത് കമ്മീഷന്റെ കൂടി ആവശ്യമാണെന്നാണ് വിലയിരുത്തൽ.
ചട്ടങ്ങളും നിയമങ്ങളും അനുവദിക്കുന്നതും അന്വേഷണത്തിന് ആവശ്യമായതുമായ എല്ലാ രേഖകളും നിയമാനുസൃതം ആവശ്യപ്പെടുന്ന മുറയ്ക്ക് ക്രൈംബ്രാഞ്ചിന് വിട്ടുനൽകും. കമ്മീഷന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ഈ അന്വേഷണം അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളും രക്ഷിതാക്കളും വലിയ വിശ്വാസത്തോടെ ആശ്രയിക്കുന്ന ഭരണഘടനാ സ്ഥാപനമാണ് പി.എസ്.സി. ബോർഡിന്റെ വിശ്വാസ്യത മറ്റെന്തിനേക്കാളും മുകളിലായാണ് കാണുന്നത് എന്നും കമ്മീഷൻ വ്യക്തമാക്കി.
Story Summary
The Kerala KPSC has decided to fully cooperate with the Crime Branch investigation into the job scam allegations. Avoiding a confrontation with the state government, the commission stated that it will hand over all legally permitted documents required for the probe to restore its credibility among millions of job aspirants.

