പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി ചെന്താമരയ്ക്ക് തൂക്കുകയർ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കളും സജിതയുടെ സഹോദരി സരിതയും ആവശ്യപ്പെട്ടു. തങ്ങളുടെ മാതാപിതാക്കൾ അനുഭവിച്ച അതേ വേദന പ്രതിയും അറിയണമെന്നും സമൂഹത്തിന് വലിയ ഭീഷണിയായ ഇയാൾക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.(Nenmara double murder case convict Chenthamara threatens judge inside Palakkad court ahead of sentencing)
കേസിൽ കോടതി കുറ്റക്കാരനെന്ന് വിധിച്ച ചെന്താമര, യാതൊരു കുറ്റബോധവുമില്ലാതെയാണ് കോടതിയിലും പെരുമാറിയത്. ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ ഞാൻ ഗാന്ധിജിയല്ല, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലും, എന്ന് ഇയാൾ ജഡ്ജിയുടെ മുന്നിൽ വെല്ലുവിളിച്ചു. എഴുതാൻ പറ്റുന്നത് എഴുതിക്കോ, ഇങ്ങനെ ഒരു അവസ്ഥ നിങ്ങൾക്കും വരണം, അപ്പോൾ അറിയാം. എനിക്ക് തടസ്സം നിന്നാൽ ഇങ്ങനെയായിരിക്കും പെരുമാറ്റം, എന്നും പ്രതി കോടതിയിൽ ആക്രോശിച്ചു. പ്രതിയുടെ ഈ വാക്കുകൾ കേട്ട് ഭയം തോന്നിയെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ തൂക്കിക്കൊല്ലണമെന്നാണ് ചെന്താമര കോടതിയിൽ പറഞ്ഞത്. അതേസമയം, സമൂഹത്തിന് അതീവ അപകടകാരിയായ ക്രിമിനലാണ് ചെന്താമരയെന്നും ഇയാൾക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാണെന്നും മുൻ പാലക്കാട് എസ്.പി അജിത് കുമാർ പ്രതികരിച്ചു. കൊലചെയ്യപ്പെട്ടവരുടെ മക്കളുടെ കണ്ണുനീർ മനസ്സിൽ നിന്ന് മായുന്നില്ലെന്നും പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിനൽകുമെന്ന് താൻ അവർക്ക് വാക്ക് നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. കേസിൽ കോടതി മറ്റന്നാളാണ് ശിക്ഷാവിധി പ്രഖ്യാപിക്കുക.
Story Summary
The family of the victims in the Nenmara double murder case has demanded the death penalty for the convict, Chenthamara, after the Palakkad Additional Sessions Court found him guilty. Chenthamara showed no remorse and openly threatened further violence inside the courtroom during the hearing.

