Times Kerala

സാമ്പത്തികമായി ഞെരുക്കമുള്ളപ്പോഴും കേരളം പരിമിതികളെ അതിജീവിച്ചു മുന്നോട്ടു കുതിക്കുന്നു: മുഖ്യമന്ത്രി

 
 ഇസ്രയേൽ ആക്രമണം: കുടുംബത്തെ നഷ്ടപ്പെട്ട പാലസ്‌തീനിൽ നിന്നുള്ള കേരള സർവകലാശാല വിദ്യാർത്ഥിനിയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തിന്  അർഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാത്ത അവസ്ഥ ഉള്ളപ്പോഴും അതിനെ അതിജീവിച്ച് സംസ്ഥാനം മുന്നോട്ടുകുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  പറഞ്ഞു. കാസർകോട് മഞ്ചേശ്വരം പൈവളിഗെ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വിവിധ മേഖലകളിൽ കേരളത്തിന് അർഹതപ്പെട്ട 57,000 കോടിയിൽപ്പരം രൂപയാണ് വെട്ടിക്കുറച്ചത്. സംസ്ഥാനത്തിന്റെ കൈവശം എത്തേണ്ട തുകയാണിത്. ഈ സാമ്പത്തിക ഞെരുക്കം ചില പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. പക്ഷെ, അതെല്ലാം അതിജീവിച്ചു കൊണ്ട് സംസ്ഥാനം മുന്നോട്ട് കുതിക്കുകയാണ്,' മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ പ്രതിശീർഷവരുമാനം 1,48,000 കോടി രൂപയിൽ നിന്നും 2,28,000 കോടി രൂപയായി ഉയർന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിശീർഷവരുമാനമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ആഭ്യന്തര വളർച്ചാനിരക്കിൽ എട്ടു ശതമാനം വർധന കൈവരിച്ചു. തനതു വരുമാനം 26 ശതമാനത്തിൽ നിന്നും 67 ശതമാനമായി ഉയർന്നു. ആഭ്യന്തര ഉൽപ്പാദനം 2016 ൽ 56,000 കോടി രൂപയായിരുന്നത് ഇപ്പോൾ 10,17,000 കോടി രൂപയായി വർധിച്ചു. നികുതി വരുമാനത്തിൽ 23,000 കോടി രൂപയുടെ വർധനവുണ്ടായെന്നും മുഖ്യമന്ത്രി കണക്കുകൾ സഹിതം വിശദീകരിച്ചു.

ആഗോളീകരണ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന സാമ്പത്തിക നയത്തിന് ബദൽ നടപ്പാക്കാൻ ശ്രമിക്കുന്നു എന്നതുകൊണ്ടാണ് സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത്. പണക്കാരനെ കൂടുതൽ പണക്കാരനും ദരിദ്രനെ പരമദരിദ്രനും ആക്കുന്ന നയമാണ് ആഗോളീകരണ നയം. എന്നാൽ സംസ്ഥാനം ശ്രമിക്കുന്നത് അതിദരിദ്രരെ പാടെ തുടച്ചുമാറ്റാനാണ്. 0.7 ശതമാനം മാത്രമാണ് കേരളത്തിൽ അതിദാരിദ്ര്യം. അത്രയും ന്യൂനമായ സംഖ്യ വേണമെങ്കിൽ എഴുതിത്തള്ളാമായിരുന്നു. എന്നാൽ അതിദരിദ്രനായ ഒരാൾ പോലും ഉണ്ടാകരുത് എന്നാണ് സർക്കാർ തീരുമാനിച്ചത്. ഇക്കഴിഞ്ഞ നവംബർ ഒന്നിന് അതിദരിദ്രരായി കണ്ടത്തിയവരിൽ 40 ശതമാനത്തിൽ അധികം പേരെയും ആ പട്ടികയിൽ നിന്നും മോചിപ്പിച്ചു കഴിഞ്ഞു.

മാനവവികസന സൂചിക, സാമ്പത്തിക അസമത്വ സൂചിക, ആരോഗ്യമേഖലയിൽ പണം ചിലവഴിക്കൽ, മാധ്യമ സ്വാതന്ത്ര്യം എന്നിവയിലൊക്കെ ദേശീയതലത്തിൽ മോശം അവസ്ഥയിലാണ് രാജ്യമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related Topics

Share this story