തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ കേരള കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുന്നു (K Sudhakaran). പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരുടെ നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ട് കെ. സി. വേണുഗോപാലിനെ അനുകൂലിച്ച് കെ. സുധാകരൻ രംഗത്തെത്തിയത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായിരിക്കുകയാണ്. നേരത്തെ രമേശ് ചെന്നിത്തലയെ പിന്തുണച്ചിരുന്ന സുധാകരൻ, ഇപ്പോൾ വേണുഗോപാലിനെ പുകഴ്ത്തിക്കൊണ്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് സതീശൻ വിരുദ്ധ ചേരിയുടെ ശക്തമായ നീക്കമായി വിലയിരുത്തപ്പെടുന്നു.
‘മുടിചൂടാമന്നനായി ഉയരട്ടെ’: വേണുഗോപാലിന് സുധാകരന്റെ പിന്തുണ
ദേശീയ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ കെ.സി. വേണുഗോപാൽ കേരള രാഷ്ട്രീയത്തിലേക്ക് സജീവമായി മടങ്ങിവരണമെന്ന സൂചനയാണ് സുധാകരന്റെ വാക്കുകളിലുള്ളത്. കെ. കരുണാകരനും ഉമ്മൻചാണ്ടിയും നയിച്ച പാത പിന്തുടർന്ന് കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി വേണുഗോപാൽ ഉയരണമെന്ന് സുധാകരൻ കുറിച്ചു.
തന്നെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സതീശനും സണ്ണി ജോസഫും ഹൈക്കമാൻഡിന് കത്തയച്ചെന്ന വാർത്തകൾ ശരിയാണെന്ന് ആവർത്തിച്ച സുധാകരൻ, ഇതിനെതിരെ ഡിജിപിക്കും ഹൈക്കമാൻഡിനും പരാതി നൽകുമെന്നും വ്യക്തമാക്കി.
സുധാകരന് പിന്നാലെ കെ.സി. വേണുഗോപാലിനെ പിന്തുണച്ച് സന്ദീപ് വാര്യരും രംഗത്തെത്തി. തന്നെ കോൺഗ്രസിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് വേണുഗോപാലാണെന്നും കേരളത്തിന് ദൂരക്കാഴ്ചയുള്ള നേതൃത്വം ആവശ്യമാണെന്നും സന്ദീപ് വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുൻപ് ഗ്രൂപ്പ് പോര് പരസ്യമായത് യുഡിഎഫ് ക്യാമ്പുകളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള വടംവലിയുടെ ആദ്യ സൂചനകളായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ നീക്കങ്ങളെ കാണുന്നത്.
Story Summary: Ahead of the 2026 Kerala Assembly Election results, group feuds have intensified in Congress as K. Sudhakaran openly supported K. C. Venugopal, challenging V. D. Satheesan and KPCC President Sunny Joseph. Sudhakaran praised Venugopal as the future leader of Kerala, while Sandeep Varier also joined the fray in support of Venugopal.

