കൊച്ചി: പ്രമുഖ സാഹിത്യ വിമർശകനും ചിന്തകനുമായ പ്രൊഫ. എം.കെ. സാനുവിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ വേദിയിൽ കവി കെ. സച്ചിദാനന്ദന് പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്പിണറായി വിജയൻ (Pinarayi Vijayan). ഇടതുപക്ഷത്ത് നിന്നുകൊണ്ട് തന്നെ ഇടതുപക്ഷത്തെ കരിവാരിത്തേച്ച് സ്വീകാര്യത നേടാൻ സാനു മാഷ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.
കേരളത്തിൽ തുടർഭരണം അപകടമാണെന്നും മാറിമാറിയുള്ള ഭരണമാണ് ആഗ്രഹിക്കുന്നതെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള സാഹിത്യ അക്കാദമി മുൻ ചെയർമാൻ കൂടിയായ സച്ചിദാനന്ദൻ പരാമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് പിണറായി വിജയൻ സാനു മാഷിന്റെ നിലപാടുകൾ ചൂണ്ടിക്കാട്ടി വേദിയിൽ സംസാരിച്ചത്.
“തുടർഭരണം അപകടമാണെന്ന് സാനു മാഷിന് ഒരിക്കലും തോന്നിയിട്ടില്ല. ഇടതുപക്ഷത്തെ ഇകഴ്ത്തി സ്വന്തം യശസ്സ് ഉയർത്താൻ അദ്ദേഹം ശ്രമിച്ചതുമില്ല. വ്യാജ രീതികൾ ഉപയോഗിച്ച് തിളക്കിയെടുക്കേണ്ടതില്ലാത്ത ഭദ്രമായ സ്ഥാനം തനിക്ക് പൊതുസമൂഹത്തിലുണ്ടെന്ന് സാനു മാഷിന് നല്ല ബോധ്യമുണ്ടായിരുന്നു. ജനമനസ്സുകളിൽ സ്ഥാനമില്ലാത്തവരാണ് തങ്ങൾ ഇവിടെയുണ്ടെന്ന് അറിയിക്കാൻ ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത്,” പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
എൽ.ഡി.എഫ് ഭരണകാലത്ത് സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്നപ്പോൾ സാനു മാഷ് എത്ര അന്തസ്സോടെയാണ് ആ പദവി ശോഭിപ്പിച്ചതെന്ന് ഓർക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രഥമ സാനു സമഗ്ര സംഭാവനാ പുരസ്കാരം ഡോ. എം. ലീലാവതിക്ക് പിണറായി വിജയൻ സമ്മാനിച്ചു.
Story Summary: Pinarayi Vijayan indirectly criticized poet K. Satchidanandan during the first death anniversary remembrance event of Prof. M.K. Sanu. Pinarayi remarked that unlike some who malign the Left to gain public approval, Prof. Sanu never felt that consecutive governance was dangerous nor did he seek acceptance through fake narratives.


