തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി (Trivandrum SAT Hospital newborn abandoned) ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലം വണ്ടിത്തടം സ്വദേശിനിയായ ഗ്രീഷ്മ (20) എന്ന യുവതിയാണ് പ്രസവിച്ച ശേഷം കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തതെന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അമിത രക്തസ്രാവത്തെ തുടർന്ന് യുവതി ചികിത്സ തേടി എസ്.എ.ടി ആശുപത്രിയിലെത്തിയത്. അബോർഷനുള്ള മരുന്ന് കഴിച്ച ശേഷമാണ് ഇവർ ആശുപത്രിയിൽ എത്തിയതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ആശുപത്രിയിലെത്തിയ ശേഷം വിശ്രമമുറിക്ക് സമീപമുള്ള ശുചിമുറിയിൽ കയറി പ്രസവിക്കുകയായിരുന്നു.
പ്രസവശേഷം പുറത്തിറങ്ങിയ യുവതിക്ക് കടുത്ത ബുദ്ധിമുട്ടുകളും അമിത രക്തസ്രാവവും കണ്ടതിനെ തുടർന്ന് സംശയം തോന്നിയ ജീവനക്കാരും അധികൃതരും നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു.
മെഡിക്കൽ കോളേജ് സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയർഫോഴ്സും സ്ഥലത്തെത്തി ശുചിമുറി വെട്ടിപ്പൊളിച്ചാണ് ക്ലോസറ്റിൽ നിന്ന് കുഞ്ഞിനെ പുറത്തെടുത്തത്. ഏകദേശം 17 ആഴ്ച വളർച്ചയെത്തിയ കുഞ്ഞിനെ ഉടൻ തന്നെ മെഡിക്കൽ പരിചരണത്തിലേക്ക് മാറ്റി,
യുവതിക്കൊപ്പം ആശുപത്രിയിൽ എത്തിയിരുന്ന ചില യുവാക്കൾ സംഭവത്തിന് പിന്നാലെ സ്ഥലത്തുനിന്ന് അപ്രത്യക്ഷമായതായി റിപ്പോർട്ടുണ്ട്. മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


