തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വവും ഘടകകക്ഷികളും തമ്മിലുള്ള നിർണ്ണായക ഉഭയകക്ഷി ചർച്ചകൾ ഇന്ന് നടക്കും. നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ, തർക്കങ്ങൾ വലിച്ചുനീട്ടാതെ ഉച്ചയ്ക്ക് മുൻപ് തന്നെ ചർച്ചകൾ പൂർത്തിയാക്കി അന്തിമ തീരുമാനത്തിലെത്താനാണ് മുന്നണിയുടെ നീക്കം. ഇന്ന് വൈകുന്നേരത്തോടെ മുഴുവൻ മന്ത്രിമാരുടെയും വകുപ്പുകളുടെയും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.(Kerala Cabinet Formation UDF Bilateral Talks Today NK Premachandran On RSP Portfolios)
ചർച്ചകൾക്ക് മുന്നോടിയായി മുന്നണിയിൽ യാതൊരുവിധ അസ്വാരസ്യങ്ങളും ഉണ്ടാക്കാൻ ആർ.എസ്.പി തയ്യാറല്ലെന്ന് എൻ. കെ. പ്രേമചന്ദ്രൻ വ്യക്തമാക്കി. ആർ.എസ്.പിക്ക് ലഭിക്കേണ്ട വകുപ്പുകളെ സംബന്ധിച്ച് കൃത്യമായ വ്യക്തതയുണ്ടെന്നും അർഹമായ പരിഗണന ലഭിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിന്റെ മന്ത്രിമാരുടെ പട്ടികയ്ക്ക് ഇതിനകം തന്നെ പൂർണ്ണരൂപമായിട്ടുണ്ട്. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിൽ ഇനി കാലതാമസം ഉണ്ടാകില്ലെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു. രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്ന് യാതൊരുവിധ അപസ്വരവുമില്ലെന്ന് എൻ. കെ. പ്രേമചന്ദ്രൻ വ്യക്തമാക്കി. നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശൻ നേരിട്ട് അദ്ദേഹത്തെ കണ്ട് സംസാരിച്ചിട്ടുണ്ട്. ചെന്നിത്തലയെപ്പോലൊരു മുതിർന്ന നേതാവിന് യുഡിഎഫിനുള്ളിൽ അർഹമായ പ്രാധാന്യവും പരിഗണനയും ലഭിക്കണം. എന്നാൽ അദ്ദേഹം മന്ത്രിസഭയുടെ ഭാഗമാകണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് നേതൃത്വവും അദ്ദേഹം സ്വയവുമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
അതേസമയം, അഞ്ച് മന്ത്രിസ്ഥാനമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന മുസ്ലിം ലീഗിന് മുന്നിൽ കോൺഗ്രസ് വഴങ്ങാൻ സാധ്യതയില്ലെന്നാണ് സൂചനകൾ. പകരം നാല് മന്ത്രിസ്ഥാനവും അഞ്ചാം മന്ത്രിക്ക് പകരമായി കാബിനറ്റ് പദവിയോടെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനവും നൽകാം എന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ട് വെച്ചിരിക്കുന്നത്.
Story Summary
The UDF leadership will hold crucial bilateral talks with alliance partners today to finalize the cabinet expansion ahead of tomorrow’s oath ceremony. RSP leader NK Premachandran MP stated that his party seeks no discord and expects fair portfolios, while Congress remains firm on offering IUML four ministries along with the Administrative Reforms Commission chief post instead of five cabinet berths.

