Times Kerala

 കണി നടീല്‍ ഉത്സവം: കാസർഗോഡ് ജില്ലാതല മോഡല്‍ പ്ലോട്ട് ഉദ്ഘാടനം ചെയ്തു

 
 കണി നടീല്‍ ഉത്സവം: കാസർഗോഡ് ജില്ലാതല മോഡല്‍ പ്ലോട്ട് ഉദ്ഘാടനം ചെയ്തു
 

ജൈവ പച്ചക്കറിയില്‍ സ്വയം പര്യാപ്തത എന്ന ലക്ഷ്യവുമായി കുടുംബശ്രീ ജില്ലാ മിഷന്‍ നടത്തുന്ന കണി നടീല്‍ ഉത്സവത്തിന്റെ ജില്ലാതല മോഡല്‍ പ്ലോട്ട് ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുക, വിഷുവിന് ആവശ്യമായ പഴങ്ങളും പച്ചക്കറികളും ജില്ലയില്‍ തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കണി നടീല്‍ ഉത്സവം നടത്തുന്നത്. കണി നടീല്‍ ജില്ലാതല മോഡല്‍ പ്ലോട്ട് കാസര്‍കോട് അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര ഉദ്ഘാടനം ചെയ്തു.

ഓപ്പണ്‍ പ്രിസിസണ്‍ രീതി ഉപയോഗിച്ച് നടപ്പിലാക്കിയ മാതൃക തണ്ണിമത്തന്‍ കൃഷി ഏവര്‍ക്കും സ്വീകരിക്കാവുന്ന മോഡലാണെന്ന് അദ്ദേഹം പറഞ്ഞു. ഹരിത കുടുംബശ്രീ ജെ.എല്‍.ജി ചെങ്കള പഞ്ചായത്തിലെ ബേവിഞ്ച പാണ്ടി വയലില്‍ നടന്ന പരിപാടിയില്‍ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ അദ്ധ്യക്ഷത വഹിച്ചു.

ഒരു വാര്‍ഡിലെ 65 കുടുംബങ്ങളിലേക്ക് പദ്ധതിയുടെ ഗുണം

കുടുംബത്തിന്റെ പൂര്‍ണ്ണ പോഷക ആവശ്യങ്ങള്‍ക്കായി കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ ഓരോ ഭവനത്തിലും സജ്ജീകരിക്കുന്ന പദ്ധതിയാണ് അഗ്രി ന്യൂട്രി ഗാര്‍ഡന്‍. ഒരു വാര്‍ഡിലെ 65 കുടുംബങ്ങളിലേക്ക് പദ്ധതിയുടെ ഗുണം എത്തിക്കുവാന്‍ കുടുംബശ്രീ ലക്ഷ്യമിടുന്നു. ജില്ലയിലെ 38 സി.ഡി.എസുകളില്‍, 664 എ.ഡി.എസുകളില്‍, 43160 കുടുംബങ്ങളിലേക്ക് പദ്ധതി വ്യാപിക്കുന്നതോടൊപ്പം ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുക, വിഷുവിന് ആവിശ്യമായ പഴങ്ങളും പച്ചക്കറികളും വിപണിയില്‍ ലഭ്യമാക്കുക എന്നിവയും അഗ്രി ന്യൂട്രി ഗാര്‍ഡന്റെ ഭാഗമായി നടപ്പാക്കും. കണിനടീല്‍ ഉത്സവം-2024' എല്ലാ സി.ഡി.എസ് തലങ്ങളിലും, വാര്‍ഡ് തലങ്ങളിലും വിപുലമായ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്. മൂന്ന് തലങ്ങളിലായാണ് മോഡല്‍ പ്ലോട്ട് ഒരുക്കുക. സി.ഡി.എസുകളുടെ മോഡല്‍ പ്ലോട്ട് മത്സര അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നു.

അഞ്ച് ഏക്കര്‍ തണ്ണി മത്തന്‍ കൃഷിയുമായി മോഡല്‍ പ്ലോട്ട്

കുടുംബശ്രീയുടെ ജില്ലാതല മോഡല്‍ പ്ലോട്ട് അഞ്ച് ഏക്കര്‍ തണ്ണി മത്തനാണ് കൃഷി ചെയ്യുന്നത്. ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗ് രീതിയിലാണ് കൃഷിയൊരുക്കിയത്. ഹരിത കുടുംബശ്രീ ജെ.എല്‍.ജി ചെങ്കള പഞ്ചായത്തിലെ ബേവിഞ്ച പാണ്ടി വയലിലാണ് ക്രമീകരിച്ചിരിക്കുന്നത്. ജില്ലയില്‍ കുടുംബശ്രീ വീടുകളില്‍ 805 ഹെക്ടര്‍ ഭൂമിയിലും എ.ഡി.എസ് തലങ്ങളില്‍ മോഡല്‍ പ്ലോട്ടുകള്‍ 134 ഹെക്ടറും സി.ഡി.എസ് മോഡല്‍ പ്ലോട്ടുകള്‍ 96 ഏക്കര്‍ ഭൂമിയിലും നടപ്പിലാക്കി. നടപ്പ് സാമ്പത്തിക വര്‍ഷം 200 ഏക്കര്‍ സഥലത്താണ് ജില്ലാമിഷന്റെ നേതൃത്വത്തില്‍ തണ്ണി മത്തല്‍ കൃഷി സാധ്യമാക്കിയത്.

ജില്ലാ മിഷന്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 400 ജെ.എല്‍.ജികളെ പ്രിസിഷന്‍ ഫാമിലേക്കു കൊണ്ടുവരാനുള്ള അസൂത്രണത്തിലാണെന്നും ഹൈടെക് കൃഷിയെക്കുറിച്ച് കൂടുതല്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പകര്‍ന്നു നല്‍കാന്‍ പ്രത്യേകം പരിശീലനം നല്‍കുമെന്നും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ പറഞ്ഞു.

Related Topics

Share this story