Times Kerala

ഇടുക്കി പൂപ്പാറയില്‍ കാറിടിച്ചത് ചക്കക്കൊമ്പനെ തന്നെ; ഒരാഴ്ചത്തേക്ക് ആനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘം

 
ഇടുക്കി പൂപ്പാറയില്‍ കാറിടിച്ചത് ചക്കക്കൊമ്പനെ തന്നെ; ഒരാഴ്ചത്തേക്ക് ആനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘം
ഇടുക്കി പൂപ്പാറയില്‍ കാറിടിച്ചത് ചക്കക്കൊമ്പനെ തന്നെയാണെന്ന് വനം വകുപ്പ് അധികൃതർ. ചൂണ്ടലിൽ വെച്ച് റോഡിലിറങ്ങിയ ചക്കക്കൊമ്പന്റെ പിന്നിൽ കാര്‍ വന്നിടിക്കുകയായിരുന്നു. ആനയുടെ പരിക്ക് സാരമുള്ളതല്ലെന്ന് വനം വകുപ്പ് വ്യക്തമാക്കുന്നു. ചക്കക്കൊമ്പൻ സാധാരണപോലെ നടക്കുകയും ഭക്ഷണവും വെള്ളവും കഴിക്കുകയും ചെയ്യുന്നുണ്ട്.  വനംവകുപ്പ് വെറ്ററിനറി ഡോക്ടറും ദേവികുളം റേഞ്ച് ഓഫീസറും നേരിട്ട് ആനയെ കണ്ടാണ് ആ​ഗോര്യസ്ഥിതി വിലയിരുത്തിയത്. ഒരാഴ്ചത്തേക്ക് ആനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. 

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് അപകടം സംഭവിച്ചത്. ചൂണ്ടൽ സ്വദേശി തങ്കരാജിൻ്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് കാട്ടാനയെ ഇടിച്ചത്. പൂപ്പാറയില്‍ നിന്ന് ചൂണ്ടലിലേക്കു പോകുകയായിരുന്നു ഇവർ. കാര്‍ ഇടിച്ചതോടെ അക്രമാസക്തനായ ആന വാഹനം തകര്‍ക്കാൻ ശ്രമിച്ചെന്ന് നാട്ടുകാർ പറയുന്നു.  അപകടത്തിൽ കാറിന് കേടുപാട് സംഭവിച്ചിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നവർക്കും പരുക്കേറ്റു. 

Related Topics

Share this story