വടശേരിക്കരയിൽ വീണ്ടും കടുവയിറങ്ങി; ആടിനെ പിടിച്ചു
May 25, 2023, 18:09 IST

പത്തനംതിട്ട: വടശേരിക്കര കുമ്പളത്താമണ്ണിൽ വീണ്ടും കടുവയിറങ്ങി ആടിനെ കൊന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യമുണ്ടാകുന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ തുടരുകയാണ്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പിടികൂടാൻ കൂട് സ്ഥാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി വടശേരിക്കര ചെമ്പരത്തിൻമൂട് ഭാഗത്തിറങ്ങിയ കടുവ വലിയമണ്ണിൽ പി.ടി. സദാനന്ദന്റെ ആടിനെ പിടിച്ചിരുന്നു. കടുവ ഭക്ഷിച്ച ആട്ടിൻകുട്ടിയുടെ അവശിഷ്ടങ്ങൾ സദാനന്ദന്റെ വീടിന് 200 മീറ്റർ അകലെ കണ്ടെത്തിയിരുന്നു. പ്രദേശത്തെ മറ്റ് ചിലരും കടുവയെ കണ്ടിരുന്നു. എന്നാൽ വനംവകുപ്പിന്റെ പരിശോധനയിൽ കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
