കേന്ദ്ര സർക്കാർ മറ്റൊരു സംസ്ഥാനത്തോടും കാണിക്കാത്ത വിവേചനമാണ് കേരളത്തോട് കാണിച്ചത്: വായ്പ പരിധി വെട്ടികുറച്ചതിനെതിരെ വിമർശനവുമായി ധനമന്ത്രി

കടപരിധിയും ഗ്രാന്റും കുറച്ചത് വലിയ പ്രശ്നങ്ങളുണ്ടാക്കും. ബുദ്ധിമുട്ടാൻ പോകുന്നത് കേരളത്തിലെ ജനങ്ങളാണ്. ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പ വൻതോതിലാണ് കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത്. 8,000 കോടി രൂപയാണ് കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത്. ഇതോടെ ഈ വർഷം എടുക്കാവുന്ന വായ്പ 15,390 കോടി രൂപ മാത്രമായി. ഇതിൽ 2,000 കോടി രൂപ ഇതിനകം തന്നെ കേരളം വായ്പ എടുത്തു കഴിഞ്ഞു.

കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ് കേന്ദ്രത്തിന്റെ നടപടി. ഇതോടെ സംസ്ഥാന സർക്കാർ അടുത്തിടെ വർധിപ്പിച്ച നികുതി പണം കൊണ്ട് മാത്രം പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയിലെത്തി. കേന്ദ്രത്തിന്റെ പുതിയ നടപടി സംസ്ഥാന സർക്കാരെ കടുത്ത സാന്പത്തിക പ്രതിസന്ധിലാകുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ സാന്പത്തിക വർഷം 23,000 കോടിയുടെ അനുമതിയുണ്ടായിരുന്നു. ഈ വർഷം 32,000 കോടി രൂപയാക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് വന്നിരിക്കുന്നത്.