Times Kerala

 അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക് 2024 ഫെബ്രുവരി 9 മുതൽ 16 വരെ തൃശൂരിൽ

 
 അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക് 2024 ഫെബ്രുവരി 9 മുതൽ 16 വരെ തൃശൂരിൽ
 

കേരള സംഗീത നാടക അക്കാദമിയുടെ പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്ഫോക് 2024) ഫെബ്രുവരി 9 മുതൽ 16 വരെ തൃശൂരിൽ നടക്കും. 'ഒരുമ, സമാധാനം, ദൃഢവിശ്വാസം' എന്നതാണ് നാടകോത്സവത്തിന്റെ ആശയം. കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ഈ മേളയിലൂടെ ലോകോത്തര നാടകങ്ങളാണ് കേരളത്തിന്റെ സാംസ്‌കാരിക നഗരത്തിലേക്ക് എത്തുന്നത്. നിർമ്മിക്കപ്പെടുന്ന വികലവാർത്തകൾ കൊണ്ട് ചിന്തകൾ പോലും മലീമസമാകുന്ന ഇക്കാലത്ത് അപരവിദ്വേഷത്തിന്റെ പൊയ്‌മുഖം മാറ്റി തെളിമയും വിശാലമായ കാഴ്ചയും നൽകാൻ കലയ്ക്ക് സാധിക്കുമെന്ന സന്ദേശം കൂടിയാണ് ഇറ്റ്ഫോക് 2024 മുന്നോട്ട് വയ്ക്കുന്നത്.

തിരഞ്ഞെടുത്ത 23 നാടകങ്ങൾക്ക് എട്ടു ദിവസങ്ങളിൽ ഏഴ് വേദികളിലായി 47 പ്രദർശനങ്ങളൊരുക്കുന്നു. പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഉദ്ഘാടന ദിവസമായ ഫെബ്രുവരി 9ന് ആക്ടർ മുരളി തിയേറ്ററിൽ ബ്രസീലിയൻ തദ്ദേശീയ രാഷ്ട്രീയ വിഷയങ്ങളെ നാല് ഗ്രീക്ക് ഇതിഹാസ കഥാപാത്രങ്ങളിൽ സന്നിവേശിപ്പിച്ചുകൊണ്ട് അവതരിപ്പിക്കുന്ന 'അപത്രിദാസ്' എന്ന പോർട്ടുഗീസ് ഭാഷാ നാടകം വൈകീട്ട് 7.45ന് അരങ്ങേറും. ദൃശ്യശ്രാവ്യാനുഭവങ്ങളുടെ മികവോടെ അന്നേ ദിവസം വൈകീട്ട് 3 മണിക്ക് തോപ്പിൽ ഭാസി ബ്ലാക്ക് ബോക്സിൽ അരങ്ങേറുന്ന 'മാട്ടി കഥ' ഡൽഹിയിലെ ട്രാം ആർട്സ് ട്രസ്റ്റ്ന്റെ പ്രൊഡക്ഷനാണ്. തൃശൂർ കോർപ്പറേഷൻ പാലസ് ഗ്രൗണ്ടിൽ അന്നേ ദിവസം ഡൽഹി ദസ്താൻ ലൈവിന്റെ 'കബീര ഖദാ ബസാർ മേ' കാണികൾക്ക് സൗജന്യമായി ഒരുക്കിയിരിക്കുന്നു. കബീർ സൂക്തങ്ങളെ കോർത്തിണക്കി റോക്ക് ഒപേറ സ്റ്റൈലിൽ എം കെ റെയിന രൂപകല്പന ചെയ്‍ത ഈ നൂതന രംഗാവിഷ്‌ക്കാരം നാടകോത്സവത്തിന്റെ ആദ്യദിവസത്തെ സംഗീതസാന്ദ്രമാക്കും.

മികച്ച സാങ്കേതിക മികവോടെ കാണികളിലേക്ക് എല്ലാ നാടകങ്ങളും എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. ആർടിസ്റ്റ് സുജാതന്റെ നേതൃത്വത്തിൽ പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായ 23 നാടകങ്ങളുടെയും വേദികൾ സജ്ജമായി. കേരള സംഗീത നാടക അക്കാദമിയ്ക്കൊപ്പം രാമനിലയം, സ്കൂൾ ഓഫ് ഡ്രാമ ക്യാമ്പസുകളും തൃശൂർ കോർപ്പറേഷൻ പാലസ് ഗ്രൗണ്ടും ടൗൺ ഹാളും നാടകോത്സവത്തിന്റെ വേദികളാണ്.

ലോകം യുദ്ധത്തിന്റെ ദുരന്തത്തിൽ പെട്ടുഴലുമ്പോൾ നാടകം കൊണ്ട് പ്രതിരോധിക്കുന്ന ഒരു കൂട്ടം നാടകസംഘങ്ങൾ തൃശൂർ രാജ്യാന്തര നാടകോത്സവത്തിന്റെ ഭാഗമാവുന്നു. 'അല്ലെ ആർമി' എന്ന ഇറ്റാലിയൻ നാടകവും 'ഹൗ ടു മേക്ക് എ റവൊല്യൂഷൻ' എന്ന പലസ്തീൻ നാടകവുമെല്ലാം യുദ്ധം ബാധിച്ച ജനതയുടെ പ്രതിരോധങ്ങളാണ്. എപിക് തിയേറ്റർ മൂവ്മെന്റിലൂടെ വിശ്വവിഖ്യാതനായിത്തീർന്ന നാടകകൃത്ത് ബ്രെടോൾഡ് ബ്രെഹതിന്റെ നൂറ്റിയിരുപത്തിയഞ്ചാം  ജന്മവാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ പ്രമുഖ നാടക സംവിധായകൻ ബെൻസി കൗൾ സംവിധാനം ചെയ്ത 'സൗദാഗർ', ബ്രെഹത്തിന്റെ ജീവിതം അനുസ്മരിപ്പിക്കുന്ന 'ബീച്ചാര ബി ബി' തുടങ്ങിയ നാടകങ്ങളും അരങ്ങേറുന്നുണ്ട്. കൂടാതെ സംഗീതത്തിനും ദൃശ്യാവിഷ്ക്കാരങ്ങൾക്കും പ്രാധാന്യം നൽകികൊണ്ടവതരിപ്പിക്കുന്ന മികച്ച രംഗാവതരണങ്ങൾ ഇക്കുറി കാണികൾക്കായി ഒരുക്കിയിരിക്കുന്നു. 

നാടകങ്ങൾ കൂടാതെ പാനൽ ചർച്ചകളും, ദേശീയ/അന്തർദേശീയ നാടക പ്രവർത്തകരുമായുള്ള മുഖാമുഖവും, സംഗീതനിശകൾ, തിയറ്റർ ശിൽപ്പശാലകൾ എന്നിവയും അരങ്ങേറും. ഫെബ്രുവരി 10 മുതൽ 16 വരെ രാമനിലയം ക്യാമ്പസിലെ ഫാവോസ് (From Ashes to Open Sky) തിയറ്ററിൽ ഉച്ചയ്ക്ക് 1.30ന് വിവിധ വിഷയങ്ങളെ അധികരിച്ച പാനൽ ചർച്ചകളും സംവാദനാത്മക സെഷനുകളും നടക്കും. ഫെബ്രുവരി 10ന് 'മാറുന്ന മാതൃകകളും മലയാളത്തിലെ രംഗാവതരണ നിർമ്മാണവും' എന്ന പാനൽ ചർച്ചയിൽ റഫീഖ് മംഗലശ്ശേരി, ഹേമന്ത് കുമാർ, എമിൽ മാധവി, ഇ രാജരാജേശ്വരി, ചന്ദസ്സ് ടി, ശ്രീജ ആറങ്ങോട്ടുകര എന്നിവർ പങ്കെടുക്കും. ഫെബ്രുവരി 11ന് 'സമകാലിക ഇന്ത്യൻ തിയറ്ററുകളിൽ മാറുന്ന ജെന്റർ ഇക്വേഷനുകൾ' എന്ന സെഷൻ നീലം മാൻസിങ് ചൗധരി, സൂസി താരു എന്നിവരും 12ആം തിയതിയിലെ 'തിയറ്റർ ആൻഡ് ഡെമോക്രസി'യെന്ന സെഷൻ എം കെ റൈന, പ്രളയൻ തുടങ്ങിയവരും നയിക്കും. അനുരാധാ കപൂർ, ആശിഷ് സെൻ ഗുപ്ത എന്നിവർ പങ്കെടുക്കുന്ന 'ട്രാൻസ്ഫർമെറ്റിവ് പവർ ഓഫ് പെർഫോമൻസ് മേക്കിങ് ഇൻ കണ്ടംപററി ടൈം' എന്ന സെഷൻ 13ആം തിയതിയും ഇസ്രഫീൽ ഷഹീൻ, സഞ്ചിത മുഖർജി തുടങ്ങിയവർ പങ്കെടുക്കുന്ന 'ബംഗാളി തീയറ്റേഴ്സ് ഫ്രം എക്രോസ് ദ ബോർഡർ' 14ആം തിയതിയും നടക്കും. 15ന് 'ആധുനിക മലയാള നാടകവേദിയുടെ നവഭാവുകത്വം എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ഡോ. എം എസ് സുരഭി, അഭിമന്യു വിനയകുമാർ, പ്രശാന്ത് നാരായണൻ, ഹാസിം അമരവിള, ശരത് രേവതി, നിഖിൽദാസ്, ജിനോ ജോസഫ് എന്നിവർ പങ്കെടുക്കും. 'മലയാള രംഗവേദിയിലെ സ്ത്രീകൾ: സാന്നിധ്യത്തിന്റെയും അസാന്നിദ്ധ്യത്തിന്റെയും പ്രശ്നങ്ങൾ' എന്ന വിഷയം 16ന് ചർച്ച ചെയ്യും. ജെ ഷൈലജ, സുധി ദേവയാനി, സജിത മഠത്തിൽ, ഷേർലി സോമസുന്ദരം, ജിഷ അഭിനയ, സി എസ് ചന്ദ്രിക, ടി എ ഉഷാകുമാരി തുടങ്ങിയവർ പാനലിൽ സംസാരിക്കും. 

നാടകോത്സവത്തിന്റെ ഭാഗമായി 'സ്ത്രീകളും തീയറ്ററും' എന്ന വിഷയത്തിൽ ഫെബ്രുവരി 10 മുതൽ 15 വരെ കിലയിൽ വനിതാ നാടകപ്രവർത്തകർക്കായി നാടക ശിൽപ്പശാല സംഘടിപ്പിക്കുന്നുണ്ട്. പ്രശസ്ത നാടക പ്രവർത്തകരായ അനുരാധ കപൂർ, സഞ്ചിത മുഖർജി, നീലം മാൻസിങ്, എം കെ റൈന, സജിത മഠത്തിൽ എന്നിവരാണ് ശിൽപശാല നയിക്കുന്നത്. കുടുംബശ്രീ, കില എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ശില്പശാലയിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്ന് രണ്ട് കുടുംബശ്രീ പ്രതിനിധികൾ വീതം പങ്കെടുക്കും. ഇത്തരത്തിൽ കേരളത്തിലെ മറ്റ് സാംസ്‌കാരിക സ്ഥാപനങ്ങളുടെ പങ്കാളിത്തവും സഹകരണവും ഈ നാടകോതവത്തിന്റെ സംഘാടനത്തിന് സഹായമാകുന്നുണ്ട്.

അന്തരാഷ്ട്ര നാടകോത്സവത്തിന്റെ ഉദ്ഘാടനം പാലസ് ഗ്രൗണ്ടിൽ 9/2/2024 വൈകീട്ട് അഞ്ചു മണിക്ക് നടക്കും. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി, സെക്രട്ടറി കരിവള്ളൂർ മുരളി എന്നിവരുടെ സാന്നിധ്യത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ പതിനാലാമത് അന്തരാഷ്ട്ര നാടകോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. പാലസ് ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ, ആർ ബിന്ദു എന്നിവർക്കൊപ്പം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രതിനിധികളും കലാ സാംസ്കാരിക പ്രമുഖരും പങ്കെടുക്കും. പ്രശസ്ത തെന്നിന്ത്യൻ സിനിമാ താരവും സാമൂഹ്യ പ്രവർത്തകയുമായ രോഹിണി മുഖ്യാതിഥിയാകും. ഫെസ്റ്റിവൽ ഡയറക്ടർ ബി അനന്തകൃഷ്ണൻ പതിനാലാമതു അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ആശയവും കാഴ്ച്ചപ്പാടുകളും അവതരിപ്പിക്കും.

മനുഷ്യ മനസുകളിലേക്ക് വെളിച്ചം വീശാൻ ഒരു പറ്റം കലാകാരന്മാർ നാടകവുമായി അരങ്ങിലും പുറത്തും ഒന്നിക്കുന്ന നാളുകൾക്കാണ് തൃശൂർ സാക്ഷിയാകാൻ ഒരുങ്ങുന്നത്. കലാ-സാഹിത്യ-സാംസ്‌കാരിക പ്രവർത്തകർ, നാടക സംഘങ്ങൾ, അക്കാദമിക് രംഗത്തെ പ്രമുഖർ, സഹൃദയർ തുടങ്ങിയവർ ചേർന്ന് ആഘോഷമാക്കുന്ന തൃശ്ശൂരിന്റെ നാടകോത്സവ ദിനരാത്രങ്ങളിലേക്ക് ഏവർക്കും സ്വാഗതം.

ടിക്കറ്റ് ബുക്കിങ്:
ഫെസ്റ്റിവൽ ദിവസങ്ങളിൽ രാവിലെ 9 മണിക്ക് തുറക്കുന്ന ടിക്കറ്റ് കൗണ്ടറിൽ നിന്നും അന്നേ ദിവസത്തെ മുഴുവൻ നാടകങ്ങളുടെയും ഒരു നിശ്ചിത ശതമാനം ടിക്കറ്റുകൾ ലഭ്യമാകും. ബാക്കിയുള്ളത് ഓരോ നാടകത്തിന്റെയും ഒരു മണിക്കൂർ മുൻപ് കൗണ്ടറിൽ നിന്ന് ലഭിക്കും. ടിക്കറ്റ് ഒന്നിന് 70 രൂപയാണ് നിരക്ക്. ഓൺലൈൻ ടിക്കറ്റിങ്ങ് ആയി ബന്ധപ്പെട്ട സംശയ നിവാരണങ്ങൾക്കും മറ്റ് സേവനങ്ങൾക്കും പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റ് എടുത്തവർക്ക് മെയിൽ വഴി ലഭിച്ച ടിക്കറ്റിന്റെ ബാർകോഡ് തീയറ്ററിന്റെ പ്രവേശന കവാടത്തിൽ സ്കാൻ ചെയ്‌തോ അല്ലെങ്കിൽ ടിക്കറ്റ് പ്രിന്റ് എടുത്ത് കൊണ്ട് വന്നോ നാടകം കാണാവുന്നതാണ്. ഫെസ്റ്റിവൽ ദിവസങ്ങളിൽ ഫെസ്റ്റിവൽ ബുക്ക് ഉൾപ്പെടുന്ന കിറ്റ് കൗണ്ടറിൽ ലഭ്യമാക്കിയിട്ടുണ്ട്.

Related Topics

Share this story