Times Kerala

ഇടവിട്ടുള്ള മഴ: എലിപ്പനിയ്ക്കെതിരെ ജാഗ്രത പുലർത്തുക

 
 എലിപ്പനി, വയറിളക്ക രോഗങ്ങള്‍ക്ക് സാധ്യത: ഡിഎംഒ

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ച പനികൾക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജലദോഷം, ചുമ, വൈറൽ പനി, ഇൻഫ്ളുവൻസ- എച്ച്.1 എൻ.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവയാണ് കൂടുതലായും കാണുന്നത്. കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഇവയെ പ്രതിരോധിക്കാനാകും.

 അസുഖമുള്ള കുട്ടികളെ സ്‌കൂളിൽ അയക്കാതിരിക്കുന്നതാണ് നല്ലത്. പനിയോ വയറിളക്കമോ ഉള്ളവർ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണം. മൂന്ന് ദിവസത്തിലധികം നീണ്ട് നിൽക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാൽ എന്തായാലും വിദഗ്ധ ചികിത്സ തേടണം. 

പനിയോട് കൂടി ശ്വാസതടസം, അമിതമായ നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തിൽ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം തുടങ്ങിയ അപായ സൂചനകൾ കണ്ടാൽ എത്രയും വേഗം വിദഗ്ധ ചികിത്സ തേടേണ്ടതാണ്. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. മാസ്‌ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗങ്ങളിലൂടെ ഇൻഫ്ളുവൻസ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകും. സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Related Topics

Share this story