Times Kerala

 ഡാറ്റാ സയന്‍സിലെ സഹകരണത്തിന് യു.കെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സും കുസാറ്റും ധാരണയായി

 
 ഡാറ്റാ സയന്‍സിലെ സഹകരണത്തിന് യു.കെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സും കുസാറ്റും ധാരണയായി
 

കൊച്ചി: ഡേറ്റാ സയന്‍സ് മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനായി യു.കെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സും(ഐ.ഒ.എ) കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയും(കുസാറ്റ്) ധാരാണാപത്രം ഒപ്പുവച്ചു. ഡാറ്റാ സയന്‍സിലെയും അനലിറ്റിക്‌സിലെയും ഓഫറുകള്‍ അപ്പ്‌ഗ്രേഡ് ചെയ്ത് ഐ.ഒ.എയുടെ വിദ്യാഭ്യാസ അക്രഡിറ്റേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഈ ധാരണാപത്രത്തിലൂടെ കുസാറ്റിന് സാധിക്കും. 


ഡേറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സിന്റെ യു.കെയിലെയും ആഗോളതലത്തിലെയും പ്രൊഫഷണല്‍ ബോഡിയാണ് ഐ.ഒ.എ. ഈ വിഷയങ്ങളില്‍ ബോധവല്‍ക്കരണവും അറിവും നല്‍കാനും പുതുമകള്‍ ആവിഷ്‌കരിക്കുന്നതിനുമായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇത്. ഐ.ഒ.എയുമായുള്ള സഹകരണം ഡിഡിയു കൗശല്‍ കേന്ദ്ര, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്, ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയ കുസാറ്റിന്റെ വിവിധ വകുപ്പുകള്‍ക്കാണ് ഗുണം ചെയ്യുക. 


യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (ഐഎസ്ഡിസി) ആണ് പദ്ധതി നടപ്പിലാക്കുക. യുകെയിലെ നിരവധി യൂണിവേഴ്സിറ്റികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഐഎസ്ഡിസി ഇന്ത്യയിലെ 300 യൂണിവേഴ്സിറ്റികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സിന്റെ ആഗോളതലത്തിലെ ഏറ്റവും വലിയ സേവനദാതാക്കളില്‍ ഒന്നാണ് ഐഎസ്ഡിസി. 


കുസാറ്റ് വി.സി ഡോ. പി.ജി ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. വി. മീരയും യുകെയിലെ ഐ.ഒ.എ ഡയറക്ടര്‍ ഡോ. ക്ലെയര്‍ വാല്‍ഷും ധാരണാപത്രത്തില്‍ ഒപ്പിട്ടു. ഐഎസ്ഡിസി പാര്‍ട്ണര്‍ഷിപ്പ് വിഭാഗം തലവന്‍ ഷോണ്‍ ബാബു, കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. വി.പി ജഗതിരാജ്, ഡിഡിയു കൗശല്‍ കേന്ദ്ര ഡയറക്ടര്‍ ഡോ. കെ.എ സക്കറിയ, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡയറക്ടര്‍ ഡോ. ഹരീഷ് രാമനാഥന്‍, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വകുപ്പ് മേധാവി ഡോ. എം.വി ജൂഡി, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സ്മിജു സുദേവന്‍, ഓട്ടോമേഷന്‍ ഗ്ലോബല്‍ ഹെഡ് ജി. ലക്ഷ്മി നാരായണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍പങ്കെടുത്തു.

Related Topics

Share this story