Times Kerala

 ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പരിശോധന: കഴിഞ്ഞ വർഷം പിഴയായി ഈടാക്കിയത് 47,60,300 രൂപ

 
2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി
 

ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ ജില്ലയിൽ കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ നടത്തിയ പരിശോധനയിൽ 47,60,300 രൂപ പിഴയിനത്തിൽ ഈടാക്കി. കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസിൻ്റെയും ഭക്ഷ്യസുരക്ഷാ അസിസ്റ്റൻ്റ് കമ്മീഷണർ ജോൺ വിജയകുമാറിൻ്റെയും അധ്യക്ഷതയിൽ ചേർന്ന ഭക്ഷ്യ സുരക്ഷാ ഉപദേശക സമിതി യോഗത്തിൽ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ആകെ 10,019 പരിശോധനകളാണ് ഇക്കാലയളവിൽ ജില്ലയിൽ നടന്നത്. 437 കടകൾ അടച്ചു പൂട്ടി. 14,81,600 രൂപയാണ് ആർ ഡി ഒ കോടതികളിൽ കേസ് ഫയൽ ചെയ്ത് പിഴയിട്ടത്. 80066 കിലോ ഉപയോഗ ശേഷമുള്ള എണ്ണ ശേഖരിച്ച് ബയോ ഡീസൽ നിർമ്മാണത്തിന് നൽകി. ജില്ലയിൽ മൂന്ന് അംഗീകൃത ഏജൻസികൾക്കാണ് ഇത് കൈമാറിയത്.

ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷ ബാധയേൽക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്ന കേസുകൾ വ്യാപകമായ സാഹചര്യത്തിൽ ഷവർമ്മ കടകളിലെ പരിശോധന കർശനമാക്കി. 782 പരിശോധനകൾ നടത്തി 343 കടകൾക്ക് നോട്ടീസ് നൽകി. 86 കടകൾ അടച്ചു. 10,15,000 രൂപയാണ് ഷവർമ്മ വിൽക്കുന്ന കടകളിൽ നിന്ന് മാത്രം പിഴയായി ഈടാക്കിയത്. 

മീൻ വിൽപ്പന കേന്ദ്രങ്ങളിലും പരിശോധന കർശനമാക്കി. 443 പരിശോധനകൾ നടത്തി. 69 കടകൾക്ക് നോട്ടീസ് നൽകി. 2,10,000 രൂപയാണ് ഈയിനത്തിൽ ഈടാക്കിയ പിഴ. 6630 കിലോ കേടായ മീനുകൾ കണ്ടെത്തി നശിപ്പിച്ചു. 

മൊബൈൽ ലാബുകളുടെ നേതൃത്വത്തിൽ 2824 പരിശോധനകൾ നടത്തി. ജില്ലയിലെ 149 ഹോസ്റ്റലുകളിൽ പരിശോധന നടത്തി. 57 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഒരു ഹോസ്റ്റൽ അടച്ചു.

ജില്ലയിലെ സ്കൂളുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉയര്‍ത്തുന്നതിന്‌ സ്കൂളുകളെ ഭക്ഷ്യ സുരക്ഷാ ലൈസൻസിൻ്റെ പരിധിയില്‍ കൊണ്ടുവരുന്നതിനായും ഈറ്റ് റൈറ്റ് സ്കൂൾ പദ്ധതി നടപ്പാക്കുന്നതിനും സഹകരണം അഭ്യർഥിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് അയക്കാൻ യോഗം തീരുമാനിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്ലോട്ടർ ഹൗസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളുടെ യോഗം ചേരും. ജില്ലയിലെ ഹോസ്റ്റലുകളിലും പരിശോധന വ്യാപകമാക്കും. ഒരു കോടി രൂപ ചെലവിൽ പനമ്പിള്ളി നഗറിൽ ആരംഭിക്കുന്ന ക്ലീൻ സ്ട്രീറ്റ് ഫുഡ് പദ്ധതിയുടെ ഉദ്ഘാടനം മാർച്ചിന് മുൻപായി നിർവഹിക്കും. 

ചിപ്സ് ഉണ്ടാക്കുന്ന എണ്ണയുടെ ഗുണനിലവാര പരിശോധനയ്ക്കായി ടോട്ടൽ പോളാർ കൗണ്ട് മെഷീൻ അധികമായി ആവശ്യപ്പെടും.

അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ്‌, നഗരസഭാ ആരോഗ്യ വിഭാഗം എന്നിവരടങ്ങുന്ന രാത്രികാല സംയുക്ത സ്ക്വാഡുകള്‍ തട്ടുകടകള്‍ കേന്ദ്രീകരിച്ച്‌ ഫലപ്രദമായി പരിശോധന നടത്തി വരുന്നു.

ഫിഷറീസ്‌, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സഹകരണത്തോടെ പുലർച്ചെ മല്‍സ്യ മാര്‍ക്കറ്റുകള്‍, ഹാ൪ബറുകള്‍ കേന്ദ്രീകരിച്ച്‌ മൊബൈല്‍ ലാബിന്റെ സഹായത്തോടെ ഫോർമാലിൻ, അമോണിയ എന്നിവയുടെ സാന്നിധ്യം പരിശോധിക്കാറുണ്ടെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻ്റ് കമ്മീഷണർ അറിയിച്ചു.

വിദ്യാഭ്യാസം, ആരോഗ്യം, സിവിൽ സപ്ലൈസ്, പോലീസ് തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

Related Topics

Share this story