ആക്കുളത്തേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്; 'ഗ്ലാസ് ബ്രിജ്' ഉടനെന്ന് മന്ത്രി മുഹമ്മദ് റിയാസ്
May 26, 2023, 10:37 IST

സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയുടെ മട്ടും ഭാവവും മാറുകയാണ്. വിനോദ സഞ്ചാര വകുപ്പിന്റെ കീഴില്‍ ആദ്യത്തെ ഗ്ലാസ് ബ്രിജ് ആക്കുളം ടൂറിസം വില്ലേജില്‍ ആരംഭിക്കുമെന്നും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും മന്ത്രി മുഹമ്മദ് റിയാസ്. ഗ്ലാസ് ബ്രിജിനൊപ്പം ടോയ് ട്രെയിന്‍ സര്‍വീസും, വിര്‍ച്വല്‍ റിയാലിറ്റി സോണും മഡ് റെയ്‌സ് കോഴ്‌സും ആരംഭിക്കുമെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിഡ്ജ് ആരംഭിക്കാന്‍ പോകുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 2022 നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ഉദ്ഘാടന സമയത്ത് സൂചിപ്പിച്ചിരുന്നു.രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്.