ഇലക്ട്രിക് സ്കൂട്ടറുകളിലെ വേഗപരിധി വർധിപ്പിക്കുന്നു; സംസ്ഥാനത്ത് വ്യാപക തട്ടിപ്പ്
May 26, 2023, 20:09 IST

കൊച്ചി: ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ എന്നിവ ആവശ്യമില്ലാത്ത കുതിരശക്തി കുറഞ്ഞ ഇലക്ട്രിക് സ്കൂട്ടറുകളുടെ വേഗപരിധിയും മോട്ടോർ ശേഷിയും അനധികൃതമായി വർധിപ്പിക്കുന്ന തട്ടിപ്പ് സംസ്ഥാനത്തുടനീളം നടക്കുന്നതായി കണ്ടെത്തൽ. മോട്ടോർ വാഹന വകുപ്പ് വിവിധ ജില്ലകളിലായി നടത്തിയ റെയ്ഡുകളിൽ വ്യാപക ക്രമേക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്.
പരമാവധി 25 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാവുന്ന വാഹനങ്ങളുടെ മോട്ടോര്‍ ശേഷിയിൽ മാറ്റം വരുത്തി വേഗം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. 250 വാട്സ് ശേഷിയുള്ള വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം വരുത്തി, എഞ്ചിൻശേഷി വർധിപ്പിച്ച് വില്‍പ്പന നടത്തുന്നതായി പരിശോധനയിൽ കണ്ടെത്തി.
കൊച്ചി അടക്കമുള്ള വിവിധ മേഖലകളിലെ ഇ - സ്കൂട്ടർ ഷോറൂമുകളിൽ നടത്തിയ പരിശോധനയിൽ 100 കോടി രൂപ പിഴ ചുമത്താനുള്ള പിഴവുകൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.