ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Thu, 16 Mar 2023

മുഹമ്മ: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പറിടിച്ച് വീട്ടമ്മ മരിച്ചു. മാരാരിക്കുളം പൂക്കളാശേരി ശ്രീപത്മം സുകുമാരപിള്ളയുടെ ഭാര്യ പത്മകുമാരി(65) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 ന് പുത്തനങ്ങാടിയിലെ ഗുരുമന്ദിരത്തിനു സമീപത്താണ് അപകടം സംഭവിച്ചത്. കോട്ടയത്ത് ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം ബൈക്കിൽ തിരിച്ചുവരികയായിരുന്നു ദമ്പതികൾ. പിന്നാലെ വന്ന ടിപ്പർ ഇവരെ ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്കിലിടിക്കുകയും ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് തെറിച്ചുവീണ പത്മകുമാരിയുടെ തലയിലൂടെ ടയർ കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ പത്മകുമാരി മരിച്ചു. മറുവശത്തേക്ക് വീണ സുകുമാരപിള്ളയുടെ കൈക്ക് പരുക്കേറ്റു. ഇദ്ദേഹം മുഹമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. പത്മകുമാരിയുടെ മൃതദ്ദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് സംസ്കരിക്കും.