പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം; സംഘത്തിലെ മൂന്നുപേർ പിടിയിൽ
മാനന്തവാടി: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച സംഘത്തിലെ മൂന്നു പേർ പിടിയിൽ. കഴിഞ്ഞ മാസം 27ന് ആറാട്ട്തറ ഗംഗാധരൻ എന്നയാളുടെ വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 60000 രൂപയും സ്വർണാഭരണങ്ങളും മോഷ്ടിച്ച സംഭവത്തിലാണ് മൂന്നു പേരെ മാനന്തവാടി പൊലീസ് പിടികൂടിയത്.
ആറാട്ട്തറ കപ്പലാംകുഴിയിൽ കെ.കെ. ഷാജർ(43), വള്ളിയൂർക്കാവ് കൊല്ലറയ്ക്കൽ വീട്ടിൽ കെ.വി. ജയേഷ്(37), അമ്പുകുത്തി കിഴക്കനെച്ചാൽ വീട്ടിൽ കെ. ഇബ്രാഹിം (56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ എസ്.എച്ച്.ഒ എം.വി ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജാൻസി മാത്യു, ഷാജു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.ടി. സെബാസ്റ്റ്യൻ, മനു അഗസ്റ്റിൻ, സജിത് കുമാർ, വിപിൻ, റോബിൻ ജോർജ്, സിവിൽ പൊലീസ് ഓഫിസർ അഫ്സൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.