Times Kerala

 ഡാകര്‍ റാലി 2022ല്‍ ഹോണ്ടയുടെ പാബ്ലോ ക്വിന്‍റാനില്ല റണ്ണര്‍അപ്പ്

 
 ഡാകര്‍ റാലി 2022ല്‍ ഹോണ്ടയുടെ പാബ്ലോ ക്വിന്‍റാനില്ല റണ്ണര്‍അപ്പ്
 

കൊച്ചി: ലോകത്തിലെ ഏറ്റവും ദുഷ്ക്കരമായ ഓഫ് റോഡ് റേസ് ചാമ്പ്യന്‍ഷിപ്പായ ഡാകര്‍ റാലിയുടെ 2022 പതിപ്പില്‍ മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീം റൈഡര്‍ പാബ്ലോ ക്വിന്‍റാനില്ലയ്ക്ക് രണ്ടാം സ്ഥാനം. അവസാന സ്റ്റേജില്‍ ഒന്നാമനായ പാബ്ലോ, വിജയിയെക്കാള്‍ മൂന്നര മിനിറ്റ് മാത്രം വ്യത്യാസത്തിലാണ് സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന ഡാകര്‍ റാലിയുടെ 45ാമത് എഡിഷന്‍റെ ഓവറോള്‍ റാലിയില്‍ രണ്ടാമനായത്. ഹോണ്ടയുടെ നാലു റൈഡര്‍മാരും റാലിയുടെ എക്കാലത്തെയും ദുഷ്കരമായ പതിപ്പുകളിലൊന്ന് പൂര്‍ത്തിയാക്കി ആദ്യ 7 സ്ഥാനക്കാരില്‍ ഇടം നേടി. ഹോണ്ട സിആര്‍എഫ്450 റാലി ബൈക്കുകള്‍ ഒരു എന്‍ജിന്‍ തകരാറുമില്ലാതെ റാലി പൂര്‍ത്തിയാക്കാനും റൈഡര്‍മാരെ സഹായിച്ചു.

 ചിലിയന്‍ റൈഡറായ പാബ്ലോ ക്വിന്‍റാനില്ല, കഴിഞ്ഞ മെയ് മാസമാണ് മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീമില്‍ ചേര്‍ന്നത്. ആദ്യ അവസരത്തില്‍ തന്നെ അന്‍ഡലൂസിയ റാലി പോഡിയം ഫിനിഷ് ചെയ്തു. ഒക്ടോബറില്‍, റാലി ഡു മറോക്ക് മാരത്തണ്‍ റാലിയിലും മികച്ച സ്ഥാനം നേടി. ജിദ്ദയിലെ റണ്ണര്‍ അപ്പ് സ്ഥാനം ഡാകര്‍ പോഡിയത്തില്‍ പാബ്ലോയുടെ മൂന്നാം നേട്ടമായി.

 മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീമിലെ മറ്റുതാരങ്ങളില്‍, സ്പാനിഷ് റൈഡര്‍ ജോവാന്‍ ബാരെഡ ഫൈനല്‍ സ്റ്റേജില്‍ നാലാമനായി ഫിനിഷ് ചെയ്തു. ഓവറോള്‍ പട്ടികയില്‍ 2017ല്‍ നേടിയ അഞ്ചാം സ്ഥാന നേട്ടവും ആവര്‍ത്തിച്ചു. ജോസ് ഇഗ്നാസിയോ കോര്‍നെജോ ആറാം സ്ഥാനം നേടി. ഫൈനല്‍ സ്റ്റേജില്‍ ഈ ചിലി താരം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. അമേരിക്കന്‍ താരം റിക്കി ബ്രബെക്ക് ഏഴാമനായി ഫിനിഷ് ചെയ്ത് മുഴുവന്‍ റാലിയും പൂര്‍ത്തിയാക്കി. ഈ പതിപ്പോടെ ഡാകറില്‍ ഹോണ്ടയുടെ ആകെ വിജയങ്ങളുടെ എണ്ണം 97 ആയി ഉയര്‍ന്നു. 2022 മാര്‍ച്ച് 5 മുതല്‍ 10 വരെ അബുദാബി ഡെസേര്‍ട്ട് ചലഞ്ചിലാണ് മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീമിന്‍റെ അടുത്ത മത്സരം.

Related Topics

Share this story