സംസ്ഥാനത്തെ എച്ച്ഐവി കേന്ദ്രങ്ങൾക്ക് ഉടൻ പൂട്ട് വീഴില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ എച്ച്ഐവി പരിശോധനാകേന്ദ്രങ്ങൾ പൂട്ടുന്ന നടപടി ഉടൻ ഉണ്ടാകില്ല. 62 എച്ച്‌ഐവി പരിശോധനാകേന്ദ്രം പൂട്ടി ജീവനക്കാരെ പിരിച്ചുവിടാനുള്ള കേന്ദ്രസർക്കാർ നടപടി മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ തടയാൻ തീരുമാനമായി. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനത്തിലെത്തിയത്. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ എംപ്ലോയീസ് യൂണിയൻ നടത്തിയ പ്രക്ഷോഭത്തെ തുടർന്നാണ് നടപടി.

എച്ച്‌ഐവി പരിശോധനാകേന്ദ്രങ്ങൾ പൂട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നേരത്തെ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാർ തീരുമാനം മൂലം കേരളത്തിലെ ആരോഗ്യ മേഖലയിൽ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങൾ ബോധ്യപ്പെടുത്തുമെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ഉദ്യോഗസ്ഥരുടെ യോഗം സംഘടിപ്പിക്കുമെന്നും മന്ത്രി അന്ന് പറഞ്ഞിരുന്നു.