Times Kerala

 സംരംഭകർക്ക് സാമ്പത്തിക ഉപദേശം നൽകുന്നതിന് ഹെൽപ്പ് ഡെസ്‌ക്ക്; ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു

 
 സംരംഭകർക്ക് സാമ്പത്തിക ഉപദേശം നൽകുന്നതിന് ഹെൽപ്പ് ഡെസ്‌ക്ക്; ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു
 സംരംഭങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിലുപരി, നിലവിലുള്ള സംരംഭകരെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായിക്കുന്നതിനാണ് ജില്ലാ ഭരണകൂടവും സർക്കാരും ശ്രമിക്കുന്നതെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ്. വ്യവസായ വാണിജ്യ വകുപ്പും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും ചേർന്ന് മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിൽ ആരംഭിക്കുന്ന എം.എസ്.എം.ഇ ഹെൽപ്പ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക അച്ചടക്കമാണ് ഏതൊരു സംരംഭത്തിന്റെയും വിജയം. ചാർട്ടേർഡ് അക്കൗണ്ടന്റുകളുടെ സേവനം സൗജന്യമായി സംരംഭകർക്ക് ലഭ്യമാക്കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. ദിനേശ് അധ്യക്ഷത വഹിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ കോഴിക്കോട് ബ്രാഞ്ചിനാണ് മലപ്പുറം ജില്ലയിലെ എം.എസ്.എം.ഇ ഹെൽപ്പ് ഡെസ്‌ക്കിന്റെ ചുമതല. സംരംഭകർക്ക് അവരുടെ ആശയങ്ങൾ വികസിപ്പിക്കാൻ ആവശ്യമായ അറിവ് നൽകുകയും അതിലൂടെ എം.എസ്.എം.ഇകൾക്ക് സുസ്ഥിരതയും വളർച്ചയും നേടുന്നതിന് പ്രാപ്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹെൽപ്പ് ഡെസ്‌ക്കിന്റെ സേവനം ആരംഭിച്ചിരിക്കുന്നത്. എം.എസ്.എം.ഇകൾക്ക് ബിസിനസ് ആരംഭിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട എല്ലാവിധ സേവനങ്ങളും ഇവിടെ നിന്നും ലഭിക്കും. ബിസിനസ് സംബന്ധമായ സംശയങ്ങൾ, ലോൺ ലഭിക്കുന്നതിന് ഡി.പി.ആർ തയ്യാറാക്കൽ, ഫിനാൻസ്, ടാക്‌സ് ഓഡിറ്റ് മുതലായ എല്ലാ വിഷയങ്ങളിലുമുള്ള സംരംഭകരുടെ സംശയങ്ങൾ എന്നിവ പരിഹരിക്കുന്നതിന് ഹെൽപ്പ് ഡെസ്‌ക്കിന്റെ സേവനം പ്രയോജനപ്പെടുത്താം. എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ചളിലാണ് എം.എസ്.എം.ഇകൾക്കുള്ള ഹെൽപ്പ് ഡെസ്‌ക്ക് സേവനം ലഭ്യമാവുക.
ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ എ. അബ്ദുൽ ലത്തീഫ്, സി.ആർ സോജൻ, മുജീബ് റഹ്‌മാൻ, ഐ.സി.എ.ഐ കോഴിക്കോട് ബ്രാഞ്ച് വൈസ് ചെയർമാനും ചാർട്ടേർഡ് അക്കൗണ്ടന്റുമായ എ.ആർ സൂര്യനാരായണൻ, ഹെൽപ്പ് ഡെസ്‌ക്ക് ജില്ലാ കോർഡിനേറ്ററും ഐ.സി.എ.ഐയിലെ ചാർട്ടേർഡ് അക്കൗണ്ടന്റുമായ പി.കെ പ്രവീൺ എന്നിവർ സംസാരിച്ചു.

Related Topics

Share this story