Times Kerala

 ദേശീയ ഡെങ്കു ദിനത്തില്‍ പൊതുജനാരോഗ്യ നിയമം കര്‍ശനമാക്കി ആരോഗ്യവകുപ്പ്

 
മഴയ്ക്ക് ശമനം: ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിച്ചേക്കും; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് 
 

ദേശീയ ഡെങ്കുപ്പനി നിര്‍വ്യാപന ദിനാചാരണത്തോടനുബന്ധിച്ചു വ്യാഴാഴ്ച്ച (മെയ് 16) മുതല്‍ ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ശുചീകരണ,ബോധവല്‍ക്കരണ പരിപാടികളും പ്രത്യേക പരിശോധനകളും ഊര്‍ജിതമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. 

ഡെങ്കുപ്പനി ഭീഷണിയുടെ പശ്ചാത്തലത്തില്‍ കൊതുകുജന്യരോഗങ്ങള്‍ക്കു കാരണമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് ജില്ലയില്‍ മെയ് 25-ന് അകം പ്രത്യേക പരിശോധന നടത്തും. ആരോഗ്യവകുപ്പിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കീഴില്‍ വരുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുതല്‍ മുകളിലേക്കുളള ഉദ്യോഗസ്ഥര്‍ ഏതു സ്ഥാപനവും പരിസരവും നോട്ടീസ് കൂടാതെ പരിശോധിക്കും.

വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകൃത്യങ്ങള്‍ക്ക് 1000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെ പിഴ ഈടാക്കാനായി നിയമം അനുശാസിക്കുന്നുണ്ട്. ജലസ്രോതസ്സ് മലിനമാക്കല്‍,  പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്ന വിധത്തിലും പൊതുജനാരോഗ്യ പ്രശ്നം ഉണ്ടാക്കുന്ന തരത്തിലും ശുചിമുറികള്‍ പ്രവര്‍ത്തിപ്പിക്കല്‍, പൊതു- സ്വകാര്യ സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കല്‍ എന്നീ കുറ്റ കൃത്യങ്ങള്‍ക്കു പിഴയ്ക്കു പുറമെ തടവു ശിക്ഷ കൂടി നേരിടേണ്ടി വരും. കുറ്റം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പരമാവധി പിഴയുടെ ഇരട്ടി തുകയും ഒടുക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.

എല്ലാ വര്‍ഷവും മെയ് 16 ദേശീയ ഡെങ്കുനിവാരണ ദിനമായി ആചരിച്ചുവരുന്നു. സാമൂഹിക പങ്കാളിത്തത്തോടെ ``ഡെങ്കിപ്പനിയെ നിയന്ത്രിക്കാം പ്രതിരോധം വീട്ടില്‍ നിന്നും ആരംഭിക്കാം'' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. കളമശ്ശേരി, തൃക്കാക്കര, തൃപ്പുണിത്തുറ, ആലുവ,അങ്കമാലി, മരട് മുനിസിപ്പാലിറ്റികളും കൊച്ചിന്‍ കോര്‍പറേഷനിലെ വടുതല ഈസ്റ്റ്, പച്ചാളം, തട്ടാഴം, മട്ടാഞ്ചേരി, മങ്ങാട്ടുമുക്ക് എന്നീ പ്രദേശങ്ങളിലും,ചൂര്‍ണ്ണിക്കര, ഇടത്തല കടുങ്ങല്ലൂര്‍, കീഴ്മാട്, വെങ്ങോല, അയ്യമ്പുഴ  പഞ്ചായത്തുകളിലുമാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

*ഡെങ്കുപ്പനി അറിയേണ്ടത്.. *

ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ വഴി പകരുന്ന വൈറസ് രോഗമാണ് ഡെങ്കുപ്പനി. പനിയോടൊപ്പം തലവേദന, കണ്ണിനു പുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്നു തടിച്ച പാടുകളും ഉണ്ടാകാം. തുടര്‍ച്ചയായ ഛര്‍ദ്ദി, വയറുവേദന, ശരീരഭാഗങ്ങളില്‍ നിന്നും രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്ന് തടിക്കല്‍, ശരീരം തണുത്ത് മരവിക്കുക ,ശരീര തളര്‍ച്ച, രക്തസമ്മര്‍ദ്ദം വല്ലാതെ താഴുക, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍ തുടങ്ങിയവ ഡെങ്കുപ്പനിയുടെ അപായസൂചനകളാണ്.  പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കേണ്ടതാണ്. മേല്‍ പറഞ്ഞ പല ലക്ഷണങ്ങളും പല രോഗങ്ങളുടെയും കൂടി ലക്ഷണമായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കുക.

പനി മാറിയാലും മൂന്നു നാലു ദിവസം കൂടി സമ്പൂര്‍ണ്ണ വിശ്രമം തുടരുക, ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങി ധാരാളം പാനീയങ്ങള്‍ കുടിക്കുന്നതും നല്ലതാണ്. ഡെങ്കുപ്പനി ബാധിതര്‍ പകല്‍ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂര്‍ണമായും കൊതുക് വലയ്ക്കുള്ളില്‍ ആയിരിക്കണം. ഒരു തവണ ഡെങ്കുപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പ്രതിരോധം പ്രധാനം

ഈഡിസ് കൊതുക് നിയന്ത്രണമാണ് ഡെങ്കുപ്പനിയുടെ പ്രധാന പ്രതിരോധ മാര്‍ഗ്ഗം. വീടിനുള്ളിലും, വീടിനു സമീപവുമാണ് ഇവ പ്രജനനം നടത്തുന്നത്. വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങള്‍, വലിച്ചെറിയുന്ന ചിരട്ടകള്‍, പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകള്‍, ചെടികളുടെ അടിയില്‍ വച്ചിരിക്കുന്ന ട്രേ, വലിച്ചെറിഞ്ഞിട്ടിരിക്കുന്ന ടയറുകള്‍, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, ടാര്‍പോളിന്‍, റബ്ബര്‍ പാല്‍ സംഭരിക്കുന്ന ചിരട്ടകള്‍, കമുങ്ങിന്‍ പാളകള്‍, നിര്‍മ്മാണ സ്ഥലങ്ങളിലെ ടാങ്കുകള്‍, വീടിന്റെ ടെറസ്സ്, സണ്‍ഷെയ്ഡ്, പാത്തികള്‍ എന്നിവിടങ്ങില്‍ കെട്ടികിടക്കുന്ന വെള്ളത്തിലാണ് ഇത് പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്. ഓരോ വ്യക്തിയും തന്റെ വീടിന്റെയും സ്ഥാപനത്തിന്റെയും പരിസരത്ത് ഇത്തരം കൊതുകു വളരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ ഡെങ്കുപ്പനിയെ നമുക്ക് ഇല്ലാതാക്കാന്‍ കഴിയും.ഇതിനായി ഞായറാഴ്ചകളില്‍ വീടുകളിലും, വെള്ളിയാഴ്ചകളില്‍ സ്‌കൂളുകളിലും, ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്.

കൊതുകുവളരുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കിയും വ്യക്തിഗത സുരക്ഷിതമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചും ഡെങ്കുപ്പനിയെ നിയന്ത്രിക്കാന്‍ കഴിയും. ഡെങ്കുപ്പനി നിയന്ത്രണം ഓരോ പൗരന്റെയും കടമയായി നമുക്ക് ഏറ്റെടുക്കാം. പൊതുജനാരോഗ്യനിയമം പാലിച്ച്  പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ഓരോരുത്തരും ഉറവിടനശീകരണവും പരിസരശുചിത്വവും പാലിച്ച് ആരോഗ്യമുള്ള നാടിനായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  അഭ്യര്‍ത്ഥിച്ചു.

കേരള പൊതുജനാരോഗ്യ നിയമം 2023 കൂടുതല്‍ അറിയാം

കേരള നിയമസഭ പാസാക്കിയ കേരള പൊതുജനാരോഗ്യ നിയമം, 2023 നിലവില്‍ വന്നതായി 2023 നവംബര്‍ 28 ന് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. (നമ്പര്‍ 354/ Law H-1 /2021 നിയമം) ഇതിനെ തുടര്‍ന്ന് ഈ നിയമം സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതിന് നിയമപ്രകാരം നിലവില്‍ വന്ന സംസ്ഥാന പൊതുജനാരോഗ്യ സമിതി 17/03/2024 ന് യോഗം ചേര്‍ന്ന് തീരുമാനം എടുത്തിരുന്നു.  തുടര്‍ന്ന് ജില്ലാ തല സമിതികളും പ്രാദേശിക സമിതികളും കൂടുന്നതിന്റെ നടപടികളും പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നു.  

വിവിധ തലത്തില്‍ ആരോഗ്യവകുപ്പിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് നിയമ നടത്തിപ്പും ആയി പരീശിലനം നല്‍കിവരുന്നുണ്ട്. 

പൊതുജനങ്ങള്‍ക്ക് അറിവിലേക്കായി വിവിധ തരത്തിലുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 

ഡെങ്കുപ്പനി ഭീഷണിയുടെ പശ്ചാത്തലത്തില്‍ മേയ് മാസത്തില്‍ കൊതുകു ജന്യരോഗങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നിയമം അനുസരിച്ച് നടപടി സ്വീകരിക്കുന്നതിന് ജില്ല മുഴുവന്‍ പ്രത്യേക പരിശോധനയും ക്യാമ്പയിനും (Special Drive) നടത്തും. .

    കേരളത്തില്‍ നിലവില്‍ ഉണ്ടായിരുന്ന മദിരാശി പൊതുജനാരോഗ്യനിയമം, 1939,  തിരു-കൊച്ചി പൊതുജനാരോഗ്യ നിയമം, 1955 എന്നിവ 2023 -ലെ കേരള പൊതുജനാരോഗ്യനിയമം  നിലവില്‍ വന്നതിലൂടെ ഇല്ലാതായി.  2021-ല്‍ കേരളാ പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സ് ആയി നിലവില്‍ വന്ന നിയമം ആണ്.  കേരള നിയമസഭ പാസ്സാക്കിയത്.  ഈ നിയമത്തില്‍ 12 അദ്ധ്യയങ്ങളില്‍ ആയി 82 വകുപ്പുകള്‍ ആണ് ഉള്ളത്.  നിലവില്‍ ഉള്ള എല്ലാ പൊതുജനാരോഗ്യ പ്രശ്‌നങ്ങളും പരിഗണിക്കുന്നതിന് സഹായകമാവുന്ന തരത്തില്‍ ഉള്ള വകുപ്പുകള്‍ നിയമത്തില്‍ ഉണ്ട്.  
നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അദ്ധ്യായങ്ങള്‍

അദ്ധ്യായം -  I  - പ്രാരംഭം- പേര്, നിര്‍വ്വചനങ്ങള്‍, അധികാര പരിധി, നിലവില്‍ വരുന്ന  
                        തിയ്യതി.
അദ്ധ്യായം - II - പൊതുജനാരോഗ്യ സമിതികള്‍, പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍മാര്‍,                                        
                       ചുമതലകള്‍ അധികാരങ്ങള്‍.

അദ്ധ്യായം - III - മനുഷ്യ ഉപയോഗത്തിലുള്ള ജലത്തിന്റെ സുരക്ഷ ഉറപ്പാക്കല്‍.

അദ്ധ്യായം - IV- ശുചിത്വ സൗകര്യങ്ങള്‍.
 അദ്ധ്യായം -V- ശല്യം ഒഴിവാക്കല്‍.

അദ്ധ്യായം -VI- പ്രത്യുല്‍പ്പാദന, മാതൃ, നവജാത ശിശു, ശൈശവ, കൗമാര ആരോഗ്യം.

അദ്ധ്യായം -VII-പകര്‍ച്ചവ്യാധികളുടെയും വിജ്ഞാപനപ്പെടുത്തേണ്ട പകര്‍ച്ചവ്യാധികളുടെയും  
പ്രതിരോധവും വിജ്ഞാപനവും ചികിത്സയും.

അദ്ധ്യായം -VIII -വെക്ടറിന്റെ നിയന്ത്രണം.
അദ്ധ്യായം -IX - സാമൂഹിക ഒത്തുകൂടലുകളും പൊതുജനാരോഗ്യവും.
അദ്ധ്യായം -X - വയോജനങ്ങള്‍ കിടപ്പുരോഗികള്‍, മാരക രോഗമുള്ളവര്‍, ഭിന്നശേഷിക്കാര്‍, തുടങ്ങിയവര്‍ക്ക് വേണ്ടിയുള്ള ആരോഗ്യപരിപാലന പരിപാടി.

അദ്ധ്യായം - XI   - സാംക്രമികേതര രോഗങ്ങളുടെ നിയന്ത്രണം.

അദ്ധ്യായം - XII- പലവക.

    പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്നതും, മറ്റു പൊതുജനാരോഗ്യപ്രശ്‌നങ്ങളിലും, പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും വളരെ വിപുലമായ അധികാരങ്ങള്‍ ആണ് നിയമം ഉറപ്പാക്കുന്നത്.  ആരോഗ്യവകുപ്പിലെയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും കീഴില്‍ വരുന്ന ജൂനിയര്‍ ഹെല്‍ത്ത്  ഇന്‍സ്‌പെക്ടര്‍ മുതല്‍ മുകളിലേക്ക് ഉള്ള ഉദ്യോഗസ്ഥര്‍ക്ക് ഏത് സ്ഥാപനവും പരിസരവും നോട്ടീസ് കൂടാതെ പ്രവേശിക്കുന്നതിനും പരിശോധിക്കുന്നതിനും നടപടി സ്വികരിക്കുന്നതിനും നിയമം അധികാരം നല്‍കുന്നു. ജില്ലാ തല മേല്‍നോട്ടം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും സ്ഥാപനതല മേല്‍നോട്ടം ബന്ധപ്പെട്ട ആരോഗ്യസ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍ക്കും ആണ്.  ബന്ധപ്പെട്ട പൊതുജനാരോഗ്യ സമിതികള്‍ ഇതിനായി സഹായിക്കുന്നു.  നിയമം അനുസരിച്ച് ഉള്ള കുറ്റങ്ങളും അവക്കുള്ള ശിക്ഷകളും താഴെ കൊടുക്കുന്നു.

1.    ഓവുചാലിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുക- 10000 രൂപ മുതല്‍ 30000.
2.    സ്ഥാപനത്തിലെ ശുചത്വ സൗകര്യങ്ങളില്‍ വീഴ്ചവരുത്തുക 10000 - 20000.
3.    പബ്ലിക് ന്യൂയിസന്‍സ്- 3000 - 10000.
4.    വിജ്ഞാപനപ്പെടുത്തിയ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുക - 25000 വരെ.
5.    പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക 10000 രൂപ കവിയാത്ത തുക
6.    പകര്‍ച്ചവ്യാധിക്ക് കാരണമാകുന്ന വെള്ളം, ഭക്ഷണം എന്നിവ വിതരണം ചെയ്യുക-   5000-10000.
7.    പകര്‍ച്ചവ്യാധി ഉള്ള ആള്‍ മറ്റുള്ളവര്‍ക്ക് പകരുന്നതരത്തില്‍ ഇടപെടുക- 2000 വരെ.
8.    പകര്‍ച്ചവ്യാധി ഉള്ളവര്‍ ആയത് പകരുന്ന തരത്തില്‍ തൊഴിലില്‍ ഏര്‍പെടുക
9.    പകര്‍ച്ചവ്യാധി ഭീഷണി ഉള്ള സ്ഥാപനങ്ങള്‍ അടച്ചിടുന്നതിനുള്ള നിര്‍ദ്ദേശം ലംഘിക്കുക 10000 വരെ.
10.    രോഗബാധ ഉള്ളവരുടെ വസ്ത്രം പൊതു അലക്കുശാലയിലേക്ക് നല്‍കുക- 10000 വരെ.
11.    സാമൂഹ്യ ഒത്തുകൂടല്‍ നിരോധിച്ച് കളക്ടര്‍ക്ക് നല്‍കുന്ന ഉത്തരവ് ലംഘിക്കുക    - 25000 വരെ
12.    എലി, തെരുവ് നായ്ക്കള്‍, മറ്റു മൃഗങ്ങള്‍ എന്നിവ പെറ്റുപെരുകാവുന്ന തരത്തില്‍ മാലിന്യം കൈകാര്യം ചെയ്യുക - 5000 വരെ.
13.    വളര്‍ത്തുമൃഗങ്ങള്‍ക്ക് (pet animals) പ്രതിരോധ കുത്തിവയ്പ് എടുക്കാതിരിക്കുക-  2000 വരെ.
14.    പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും ചികിത്സക്കും സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍/മാര്‍ഗരേഖകള്‍ എന്നിവയുടെ ലംഘനം- 10000 വരെ.
15.    ഹോസ്റ്റലുകള്‍ മറ്റു പൊതു താമസ ഇടങ്ങള്‍ എന്നിവയിലെ പകര്‍ച്ചവ്യാധി ഭീഷണി സാഹചര്യം-  10000 -25000
16.    ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തുക- 10000 -50000
17.    രക്തബാങ്കുകള്‍ രോഗപകര്‍ച്ചയ്ക്ക് കാരാണമാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കുക- 25000 വരെ.
18.    വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരത്ത് കൊതുകുകളുടെ ഉറവിടം കാണപ്പെടുക-  10000 വരെ.
19.    കൊതുകുനിയന്ത്രണ പ്രവര്‍ത്തനങ്ങല്‍ തടസ്സപെടുത്തുക-  10000 വരെ.
20.    ഉത്സവങ്ങള്‍, മേളകള്‍, സാമൂഹിക ഒത്തുകൂടല്‍ എന്നിവടങ്ങളിലെ ശുചിത്വ സൗകര്യങ്ങളില്‍ വീഴ്ച വരുത്തുക- 10000 വരെ.
21.    ഉത്സവങ്ങള്‍, മേളകള്‍, സാമൂഹിക ഒത്തുകൂടല്‍ എന്നിവടങ്ങളിലെ സ്വകാര്യ ജല ഉറവിടങ്ങളിലെ നിര്‍ദ്ദേക ലംഘനം-  15000 വരെ.
22.    ഉത്സവങ്ങള്‍, മേളകള്‍, സാമൂഹിക ഒത്തുകൂടല്‍ എന്നിവടങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുക -10000 വരെ.
23.    ജലസ്രോതസ്സ് മലിനമാക്കുക-  3 വര്‍ഷം വരെ തടവ് അല്ലെങ്കില്‍ ?25000 മുതല്‍ 200000 വരെ പിഴ അല്ലെങ്കില്‍ രണ്ടും കൂടി.
24.    പകര്‍ച്ചവ്യാധിക്ക് കാരണമാകുന്ന് തരത്തിലോ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നം ഉണ്ടാകുന്ന തരത്തിലോ ശുചിമുറികള്‍ പ്രവര്‍ത്തിപ്പിക്കുക-6 മാസം വരെ തടവ് അല്ലെങ്കില്‍ 10000 മുതല്‍ 25000 വരെ പിഴ അല്ലെങ്കില്‍ രണ്ടും കൂടി.
25.    പൊതുജനാരോഗ്യത്തിന് ഭീഷണി ആകുന്ന തരത്തില്‍ തെരുവുകളിലും-പൊതു/സ്വകാര്യ സ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുക 3 വര്‍ഷം വരെ തടവ് അല്ലെങ്കില്‍ 10000 മുതല്‍ 25000 വരെ പിഴ അല്ലെങ്കില്‍ രണ്ടും കൂടി. കുറ്റം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പരമാവധി പിഴയുടെ ഇരട്ടി തുക ഒടുക്കേണ്ടതാണ്.

    ജില്ലയില്‍ ഡെങ്കിപ്പനി ഭീഷണി കൂടി വരുന്ന സാഹചര്യത്തില്‍ മഴക്കാലത്തിനു മുന്‍പെ കര്‍ശന നടപടികള്‍ സ്വികരിച്ചില്ലെങ്കില്‍ ജില്ലയില്‍ ഗുരുതരമായ പകര്‍ച്ചവ്യാധി പ്രതിസന്ധി ഉണ്ടാകാം എന്നതിനാല്‍ ജില്ലയിലെ എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപന പ്രദേശങ്ങലിലും മെയ് മാസം ഈ നിയമത്തിലെ പ്രാണിജന്യ രോഗനിയന്ത്രണത്തിനായുള്ള വകുപ്പുകളനുസരിച്ച് പ്രത്യേക പരിശോധന (ടpecial drive) നടത്തുന്നതും നിയമനടപടികള്‍ സ്വികരിക്കും.  പൊതുജനങ്ങള്‍, സ്ഥാപനനടത്തിപ്പുകാര്‍ എന്നിവര്‍ തങ്ങളുടെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവയും പരിസരവും വൃത്തിയാക്കി പകര്‍ച്ച വ്യാധിക്കുള്ള സാഹചര്യം ഇല്ലായ്മ ചെയ്ത് നിയമനടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

Related Topics

Share this story