Times Kerala

മില്ലറ്റ് കൃഷിക്ക് തൊഴിലുറപ്പ് തൊഴിലാളികളെ പ്രയോജനപ്പെടുത്തണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

 
413

കേരള ട്രൈബല്‍ പ്ലസില്‍ 10 ലക്ഷം തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം നിര്‍വഹിച്ചു
മില്ലറ്റ് കൃഷിക്ക് തൊഴിലുറപ്പ് തൊഴിലാളികളെ പ്രയോജനപ്പെടുത്തണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇത് തൊഴിലാളികള്‍ക്കും കര്‍ഷകനും ഗുണകരമാകും. സംസ്ഥാനത്തെ മുഴുവന്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും 100 ദിവസത്തെ അധിക തൊഴില്‍ നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയായ കേരള ട്രൈബല്‍ പ്ലസിലൂടെ 10 ലക്ഷം തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം അഗളി കില ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി എത്താത്ത പ്രദേശത്തെ വീടുകളിലേക്ക് സോളാര്‍ പദ്ധതിയിലൂടെ വൈദ്യുതി എത്തിക്കും. ആദിവാസികള്‍ക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിന് അനുസരിച്ചുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടത്. കര്‍ഷകര്‍ക്ക് സോളാര്‍ വൈദ്യുതി പമ്പ് അനുവദിക്കും. അങ്കണവാടികളിലേക്ക് ആവശ്യമായ സോളാര്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ സ്വയം സഹായ സംഘങ്ങള്‍ക്കുള്ള 50 വര്‍ക്ക് ഷെഡുകളുടെ നിര്‍മാണ പൂര്‍ത്തീകരണ പ്രഖ്യാപനവും നടന്നു. സ്വയം സഹായ സംഘങ്ങളെ സഹായിക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അവര്‍ക്കുള്ള വര്‍ക്ക്‌ഷെഡുകള്‍ സൗജന്യമായി നിര്‍മിച്ച് നല്‍കിയതിന്റെ താക്കോല്‍ദാനവും നടന്നു. 200 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ ഏറ്റവും പ്രായമുള്ള മൂന്ന് തൊഴിലാളികളെ ആദരിച്ചു. പരിപാടിയില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, എല്‍.എസ്.ജി.ഡി. പാലക്കാട് ജോയിന്‍ ഡയറക്ടര്‍ പി.സി. ബാലഗോപാല്‍, ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വി.കെ ഹമീദ ജലീസ എന്നിവര്‍ സംസാരിച്ചു

Related Topics

Share this story