കൊപ്പം മോഷണം: 62 പവൻ കണ്ടെടുത്തു
Sun, 19 Mar 2023

പട്ടാമ്പി: ജനുവരി എട്ടിന് കൊപ്പം പപ്പടപ്പടിയിൽ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ട് പിടിയിലായ അന്തർജില്ല മോഷ്ടാക്കളിൽനിന്ന് 62 പവനോളം ആഭരണം കണ്ടെടുത്തു. നടുവട്ടം പപ്പടപ്പടിയിൽ ഈങ്ങച്ചാലിൽ പള്ളിക്കര മുഹമ്മദാലിയുടെ പൂട്ടിയിട്ട വീട് കുത്തിത്തുറന്നായിരുന്നു മോഷണം. ശാസ്ത്രീയാന്വേഷണത്തിലൂടെ ഒറ്റപ്പാലം ചിനക്കത്തൂർ കാവ് പരിസസരത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. വിവിധ ജില്ലകളിൽ മോഷണം നടത്തിവന്ന തിരുവനന്തപുരം വള്ളക്കടവ് പള്ളത്ത് നസീർ (55 ), വർക്കല കണ്ണമ്പ്ര മഠത്തിൽ പുതുവാൾ പുത്തൻവീട് സ്വദേശി മണികണ്ഠൻ (52), തിരുവനന്തപുരം പുളിമാത്ത് കരിയൻകുഴി വിഷ്ണുഭവൻ അനിൽദാസ് (53) എന്നിവരും സ്വർണം വിൽക്കാൻ സഹായിച്ച നെയ്യാറ്റിൻകര അബി മൻസിലിൽ അബ്ദുൽ കലാം (58), തിരുവനന്തപുരം വള്ളക്കടവ് പള്ളത്ത് സബീർ (44) എന്നിവരുമാണ് ഒരാഴ്ച മുമ്പ് പിടിയിലായത്.
2,62,000 രൂപയും മൊബൈൽ ഫോണുമുൾപ്പെടെ തൊണ്ടിമുതലുകളും കൊപ്പം എസ്.ഐ എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ പ്രതികളുമായി നടത്തിയ അന്വേഷണത്തിൽ വീണ്ടെടുത്തു.