Times Kerala

 പരിസ്ഥിതി ദിനത്തിൽ മാലിന്യമുക്ത ക്യാമ്പസുകൾ പ്രഖ്യാപിക്കും

 
 പരിസ്ഥിതി ദിനത്തിൽ മാലിന്യമുക്ത ക്യാമ്പസുകൾ പ്രഖ്യാപിക്കും
 ഇരിങ്ങാലക്കുട മണ്ഡലത്തിലെ സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. സർക്കാരിന്റെ മാലിന്യ സംസ്കരണ പരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങളെ സമ്പൂർണ്ണ മാലിന്യ വിമുക്തമാക്കുന്ന നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ജൂൺ അഞ്ചിന് പരിസ്ഥിതിത്തോടനുബന്ധിച്ച് സ്കൂളുകളെ മാലിന്യമുക്ത ക്യാമ്പസുകളായി പ്രഖ്യാപിക്കുന്നതിന് നടപടി കൈക്കൊള്ളണം. ഇതിനായി വിദ്യാർത്ഥികളെ ശുചിത്വ അമ്പാസിഡർമാരായി തെരഞ്ഞെടുക്കണം. എൻഎസ്എസ്, എസ് പി സി, സ്കൗട്ട് തുടങ്ങിയവയിലെ വിദ്യാർത്ഥികളെ ഇതിനായി ഉപയോഗപ്പെടുത്തണമെന്നും മാലിന്യ സംസ്കരണത്തെക്കുറിച്ച് ശാസ്ത്രീയ രീതികൾ കുട്ടികളെ പഠിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.വിദ്യാലയങ്ങളിലും കോളേജുകളിലും ശാസ്ത്രീയ മാലിന്യ പരിപാലനത്തിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി ജൂൺ 5 ന് സീറോ വേസ്റ്റ് ക്യാമ്പസ്‌ ആയി പ്രഖ്യാപിക്കണം. എല്ലാ വിദ്യാലയങ്ങളിലും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും ഉറവിട മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും നടത്തണം. വിദ്യാലയങ്ങളിൽ സ്പോൺസർഷിപ്പിലൂടെ അജൈവമാലിന്യം വേർതിരിക്കുന്നതിന് വേണ്ടി മിനി എംസിഎഫ് സ്ഥാപിക്കണം. ഓരോ ക്ലാസും കേന്ദ്രീകരിച്ച് ബയോ ബിന്നുകൾ സ്ഥാപിക്കണം.ഇരിങ്ങാലക്കുട മണ്ഡലത്തിലെ പച്ചക്കുട സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും കൃഷി ആരംഭിക്കണം. മാലിന്യങ്ങൾ കൂടി കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കി ജൈവ പച്ചക്കറി കൃഷി തുടങ്ങണം. വിദ്യാലയത്തിൽ നിന്ന് ലഭിക്കുന്ന ജൈവമാലിന്യങ്ങൾ വളമാക്കി കൃഷിക്ക് ഉപയോഗപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.പെൺകുട്ടികൾ പഠിക്കുന്ന എല്ലാ വിദ്യാലയങ്ങളിലും നാപ്കിൻ വെൻഡിങ് മെഷീൻ, ഇൻസിനറേറ്റർ എന്നിവ ഏർപ്പെടുത്തണം. അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാലയങ്ങളിലെ കുടിവെള്ളസ്രോതസ്സുകൾ വൃത്തിയാക്കി കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം. വെള്ളക്കെട്ടുകൾ, കുളങ്ങൾ എന്നിവയുള്ള വിദ്യാലയങ്ങൾക്ക് സമീപം സുരക്ഷാഭിത്തി, മുന്നറിയിപ്പ് ബോർഡ് എന്നിവ തയ്യാറാക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശ്രദ്ധചെലുത്തണമെന്നും മന്ത്രി പറഞ്ഞു.സ്കൂൾ ബസുകൾ, കുട്ടികളെ സ്കൂളിൽ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. റെയിൽവേ ക്രോസിനു സമീപമുള്ള വിദ്യാലയങ്ങളിൽ ട്രാക്ക് മുറിച്ച് കടക്കുന്നതിന് കുട്ടികൾക്ക് ശാസ്ത്രീയമായ നിർദ്ദേശങ്ങൾ നൽകണം. ദുരന്ത ലഘൂകരണത്തിന് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മതിയായ പരിശീലനം നൽകണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നീ ദുരന്തമേഖലയിലുള്ള വിദ്യാലയങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കണമെന്നും മന്ത്രി അറിയിച്ചു.അക്കാദമിക ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി അക്കാദമിക് മാസ്റ്റർ പ്ലാൻ ജൂൺ 15 നകം പ്രകാശിപ്പിക്കണം. ഓരോ കുട്ടിക്കും വ്യക്തിഗത ആക്ഷൻ പ്ലാൻ തയ്യാറാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും മതിയായ പഠന പിന്തുണ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. പിന്നാക്ക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർ, പഠനവൈകല്യമുള്ളവർക്കും ഉള്ള പ്രത്യേക പദ്ധതികൾ, വ്യക്തിഗത സവിശേഷ ശ്രദ്ധ കൊടുക്കുന്ന രീതിയിലുള്ള സമീപനങ്ങൾ ശക്തിപ്പെടുത്തണം എന്നും പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലന പദ്ധതികൾ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിക്കുമെന്നും മന്ത്രി അറിയിച്ചു.യോഗത്തിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി ചന്ദ്രൻ, ഇരിങ്ങാലക്കുട, വെള്ളാങ്കല്ലൂർ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത്‌ പ്രസിഡന്റ്മാർ, മണ്ഡലത്തിലെ സ്കൂളിലെ പ്രധാന അധ്യാപകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Related Topics

Share this story