ഞെളിയൻപറമ്പിലെ മാലിന്യ പ്രശ്നം; ഇന്ന് അടിയന്തിര കൗൺസിൽ ചേരും
Thu, 16 Mar 2023

കോഴിക്കോട് ഞെളിയൻപറമ്പിലെ മാലിന്യ സംസ്കരണ വിഷയം ഇന്ന് ചേരുന്ന അടിയന്തിര കോർപറേഷൻ കൗൺസിൽ യോഗം ചർച്ച ചെയ്യും. സോൺട ഇൻഫ്രടെക് എന്ന കമ്പനിക്ക് കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ ആരോപണങ്ങൾക്ക് മേയർ ഇന്ന് മറുപടി നൽകും. കരാർ ഏറ്റെടുത്ത് നാലുവർഷം ആയിട്ടും പണി പൂർത്തിയാക്കിയിരുന്നില്ല. കാലാവധി നീട്ടി നൽകണമെന്ന കമ്പനിയുടെ ആവശ്യത്തിലും ഉടൻ തീരുമാനമെടുത്തേക്കും. കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാർ ബഹളം വച്ചിരുന്നു. മലബാർ വേസ്റ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചായിരുന്നു സോൺടയുടെ കരാർ. എന്നാൽ, ബയോ മൈനിങ്ങിന്റെ 60 ശതമാനം മാത്രമാണ് സോൺടക്ക് പൂർത്തിയാക്കാനായതെന്നാണ് കോർപ്പറേഷൻ വ്യക്തമാക്കുന്നത്. 2019ൽ ആണ് ഞെളിയൻപറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ പദ്ധതി നടത്തിപ്പിനായി സോൺട കരാർ ഏറ്റെടുത്തത്.