തൃശൂർ: കോടാലിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടക്കെ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് നാട്. മരിച്ച ആൽജോയുടെ സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. പാമ്പ് കടിയേറ്റ ആൽജോയുടെ സഹോദരൻ അനോജ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.(Funeral of 8-year-old boy who died of snakebite today, Brother in critical condition)
കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെയാണ് രണ്ട് കുട്ടികൾക്കും പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം രാത്രി അവകാഡോ ജ്യൂസ് കുടിച്ച ശേഷമാണ് കുട്ടികൾ ഉറങ്ങാൻ കിടന്നത്. അതുകൊണ്ടുതന്നെ കുട്ടികൾ ഛർദ്ദിക്കാനും അസ്വസ്ഥത പ്രകടിപ്പിക്കാനും തുടങ്ങിയപ്പോൾ ഭക്ഷ്യവിഷബാധയാണെന്നാണ് മാതാപിതാക്കളും ബന്ധുക്കളും ആദ്യം കരുതിയത്. തുടർന്ന് കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിച്ചത്.
ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിൽ രണ്ട് കുട്ടികളുടെയും ശരീരത്തിൽ പാമ്പ് കടിയേറ്റ പാടുകൾ കണ്ടെത്തി. ചികിത്സയിലിരിക്കെ ആൽജോ മരണത്തിന് കീഴടങ്ങി. നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടികൾ കിടന്നിരുന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്.
അനോജിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

