പെരിന്തൽമണ്ണ-ഊട്ടി റോഡിൽ പാലത്തിൽനിന്ന് ഇന്ധന ടാങ്കർ മറിഞ്ഞു
Sep 6, 2023, 07:43 IST

പെരിന്തൽമണ്ണ: നിയന്ത്രണം വിട്ട ഇന്ധന ടാങ്കർ നിർമാണം നടക്കുന്ന പാലത്തിൽ നിന്ന് താഴെ ചതുപ്പിലേക്ക് മറിഞ്ഞ് അപകടം. ബുധനാഴ്ച പുലർച്ച 12.15നാണ് സംഭവം നടന്നത്. വീഴ്ചയിൽ ഇന്ധനം ചോർന്നെങ്കിലും പെരിന്തൽമണ്ണ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ സി. ബാബുരാജിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി അപകടാവസ്ഥ ഇല്ലെന്ന് ഉറപ്പ് വരുത്തി.
നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിൽ മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ 30 കി.മീ റോഡ് പ്രവൃത്തിയുടെ ഭാഗമായി പെരിന്തൽമണ്ണ ഊട്ടി റോഡിൽ മുണ്ടത്തപ്പാലം പൊളിച്ച് പുതുക്കി നിർമിക്കുന്നുണ്ട്. പാലം പണി കഴിഞ്ഞെങ്കിലും റോഡ് പണി പൂർത്തിയാക്കി ഗതാഗതത്തിനു സജ്ജമാക്കിയിട്ടില്ല. പാലത്തിൽ മണ്ണ് കൂട്ടിയിട്ട ഭാഗത്ത് എതിരെ വന്ന വാഹനത്തിന്റെ വെളിച്ചത്തിൽ റോഡ് കാണാതെ ടാങ്കർലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർ, ക്ലീനർ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
