സില്‍വര്‍ലൈന്‍ തലമുറകള്‍ക്ക് വേണ്ടിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

234


തലമുറകളെ മുന്നില്‍ കണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് സില്‍വര്‍ലൈന്‍ എന്ന് മന്ത്രിമാരായ കെ. എന്‍. ബാലഗോപാലും ജെ. ചിഞ്ചുറാണിയും. സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ തിരുവന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നാലു മണിക്കൂര്‍ മാത്രമെടുത്ത് യാത്ര ചെയ്യാവുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശദീകരണ യോഗത്തിലാണ് മന്ത്രിമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ആധുനിക സമൂഹത്തിന് അനിവാര്യതയായി മാറുന്ന പദ്ധതിയാണിതെന്ന് അധ്യക്ഷനായ മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. ഭൂവിസ്തൃതി കുറഞ്ഞ സംസ്ഥാനമായിട്ടും ഒരു കോടിയലധികം വാഹനങ്ങളാണ് കേരളത്തിലുള്ളത്. റോഡ് വികസനം മാത്രം നടത്തി ഇനിയങ്ങോട്ട് ഗതാഗതം സുഗമമാക്കാന്‍ കഴിയില്ല. പരിമിത നിര്‍മാണ വസ്തുക്കളുടെ സഹായത്തോടെ നിര്‍മിക്കുന്ന അതിവേഗപാതയാണ് ഈ സാഹചര്യത്തില്‍ വേണ്ടത്. 50,000 കോടി രൂപയുടെ പശ്ചാത്തല വികസനത്തിന് കൂടിയാണ് പദ്ധതി വഴിയൊരുക്കുക.

പരിസ്ഥിതി-സാമൂഹിക ആഘാതം പരമാവധി ലഘൂകരിച്ചുള്ള നിര്‍മാണമാണ് സാധ്യമാക്കുക. ഇന്ധനലാഭവും കുറഞ്ഞ തോതിലുള്ള മലിനീകരണവുമാണ് മുഖ്യസവിശേഷത. നിവലിലുള്ള റെയില്‍പാതയില്‍ അറുന്നൂറിലേറെ വളവുകള്‍ ഉള്ളതിനാല്‍ ട്രെയിനുകളുടെ വേഗവര്‍ധനയ്ക്ക് പരിമിതിയുണ്ട്. ഇതു പരിഹരിക്കാന്‍ അതിവേഗ പാതയ്ക്കാകും. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് വഴി അഞ്ച് വര്‍ഷം കൊണ്ട് 50,000 തൊഴിലവസരമെങ്കിലുമാണ് പ്രതീക്ഷിക്കുന്നത്. 10,000 സ്ഥിരം തൊഴിലും കണക്കാക്കുന്നു. ഇതെല്ലാം വഴി വലിയ സാമ്പത്തിക ഉത്തേജനമാണ് സംഭവിക്കുക എന്നും ധനകാര്യമന്ത്രി വ്യക്തമാക്കി.യോഗം ഉദ്ഘാടനം ചെയ്ത മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പൊതുഗതാഗത ചരിത്രത്തില്‍ ഇടം നേടുന്ന പദ്ധതിയായി സില്‍വര്‍ലൈന്‍ മാറുമെന്ന് പറഞ്ഞു. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആശങ്കകള്‍ക്ക് ഇടയാക്കാത്ത വിധം ശാസ്ത്രീയമായ നിര്‍മാണ രീതി പിന്തുടരുകയുമാണ്.

ചെലവ് അധികമാകാതെ യാത്രാവേഗം മുമ്പില്ലാത്തവിധം മുന്നിലെത്തിക്കാനുമാകുന്നു. ജനകീയ പദ്ധതിയായിട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്. കാലത്തിന്റെ വേഗത്തിനൊപ്പം ഏറെ നാള്‍ സഞ്ചരിക്കാവുന്ന പാതയാണിത്. മലിനീകരണ വിമുക്തമായ ഗതാഗതം എന്ന സങ്കല്‍പമാണ് പദ്ധതി വഴി നടപ്പിലാകുക. സമഗ്രവികസനം അനുബന്ധമായി സാധ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍, കെ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി. അജിത്ത് കുമാര്‍, ഫിനാന്‍സ് ഡയറക്ടര്‍ റെജി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

Share this story