Times Kerala

 കടലോളം കരുതലൊരുക്കി ഫെഡറൽ ബാങ്ക്; മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘങ്ങളിലൂടെ സ്ത്രീകൾക്ക് നൽകിയ ആകെ വായ്പ 35 കോടി രൂപ

 
ff
 നാഗർകോവിൽ : മത്സ്യത്തൊഴിലാളികളായ സ്ത്രീകൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കുന്ന ബാങ്ക്. ലഭിച്ച തുക ഫലപ്രദമായി വിനിയോഗിച്ച് ജീവിതം നെയ്യുന്ന തൊഴിലാളികൾ. സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നവർ, ആഗ്രഹങ്ങൾ സഫലീകരിക്കുന്നവർ. അങ്ങനെ, കടലിനോട് മല്ലിട്ട് ജീവിതം നയിക്കുന്നവർക്ക് പ്രത്യാശയുടെ പുതുജീവിതം സമ്മാനിക്കുകയാണ് ഫെഡറൽ ബാങ്ക്.
നാഗർകോവിൽ, അരുമനൈ, മാർത്താണ്ഡം എന്നിവിടങ്ങളിലെ സ്ത്രീ തൊഴിലാളികളുടെ ജീവിതത്തിനാണ് ഫെഡറൽ ബാങ്ക് നിറച്ചാർത്തണിയിച്ചത്. തീരദേശ വികസന ഗ്രൂപ്പിന്റെ സഹായത്തോടെ, അഞ്ഞൂറിലധികം വരുന്ന സ്വയം സഹായ സംഘങ്ങളിൽ അംഗങ്ങളായുള്ള പതിനായിരത്തിലധികം പേർക്ക് 35 കോടി രൂപയാണ് ഇതിനോടകം വായ്പയായി നൽകിയത്. അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും മറ്റു ചിലവുകൾക്കുമാണ് ഭൂരിഭാഗം പേരും വായ്പ എടുത്തിട്ടുള്ളത്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകി അവരെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫെഡറൽ ബാങ്ക് വായ്പ നൽകുന്നത്.
തീരദേശ മേഖലയിലുള്ള മത്സ്യത്തൊഴിലാളികൾക്ക് കുറഞ്ഞനിരക്കിൽ വായ്പ അനുവദിക്കുന്നതിലൂടെ  സമൂഹത്തോടുള്ള ഫെഡറൽ ബാങ്കിന്റെ  പ്രതിബദ്ധതയാണ് വെളിപ്പെടുന്നതെന്ന് തമിഴ്നാട് ക്ഷീര വികസന വകുപ്പ് മന്ത്രി മനോ തങ്കരാജ് അഭിപ്രായപ്പെട്ടു. "കന്യാകുമാരി ജില്ലയിൽ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി വളരെയധികം കാര്യങ്ങൾ ചെയ്യാൻ ഫെഡറൽ ബാങ്കിന് സാധിച്ചു. സ്വയം സഹായ സംഘങ്ങൾ വഴി സ്ത്രീ തൊഴിലാളികളുടെ  ജീവിതനിലവാരം ഉയർത്തുന്നതിനായി ഫെഡറൽ ബാങ്ക് കൈകൊണ്ട നടപടികൾ അഭിനന്ദനാർഹമാണ്."- അദ്ദേഹം പറഞ്ഞു.
"നാഗർകോവിലിൽ നടപ്പാക്കിയ വായ്പാപദ്ധതി മികച്ച രീതിയിൽ സ്വീകരിക്കപ്പെട്ടു. സാമ്പത്തികമായി  പിന്തുണയ്ക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ശാക്തീകരണം മാത്രമല്ല തീരദേശവാസികളുടെ മൊത്തത്തിലുള്ള സാമ്പത്തിക ഭദ്രതയാണ് ഞങ്ങൾ ഉറപ്പാക്കുന്നത്. സാമ്പത്തിക ഉൾക്കൊള്ളൽ പദ്ധതികൾക്ക് സമൂഹത്തിൽ വരുത്താനാവുന്ന മാറ്റങ്ങളുടെ ഉത്തമോദാഹരണമായി വായ്പാപദ്ധതിയുടെ വിജയത്തെ വിലയിരുത്താം." ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിംഗ് മേധാവിയുമായ ഇക്ബാൽ മനോജ് പറഞ്ഞു.  
മിതമായ പലിശനിരക്കിൽ നൽകുന്ന ഇത്തരം വായ്പകളുടെ തിരിച്ചടവ് കൃത്യമാണെന്ന് ബാങ്ക് സാക്ഷ്യപ്പെടുത്തുന്നു. ഒരു സംഘത്തിന് പരമാവധി പതിനഞ്ചു ലക്ഷം രൂപയാണ് ലഭിക്കുക. അടുത്ത ഘട്ടത്തിൽ 20000 പേരിലേക്കാണ് പദ്ധതിയുടെ ഗുണഫലം എത്തിക്കാൻ ബാങ്ക് ലക്ഷ്യമിടുന്നത്. ഇതിലൂടെ 50 കോടി രൂപയുടെ വായ്പ വിതരണവും സാധ്യമാക്കും. നേരത്തെ, ചെന്നൈ രാമനാഥപുരത്തും പുളിക്കാട്ടുമുള്ള തീരദേശവാസികൾക്ക് ഫെഡറൽ ബാങ്ക് വായ്പകൾ ലഭ്യമാക്കിയിരുന്നു.

Related Topics

Share this story