പിതാവിനെ മര്‍ദിച്ചത് ചോദ്യം ചെയ്‌തു ;മാരകമായി കുത്തേറ്റ യുവാവ് അത്യാസന്ന നിലയില്‍; പ്രതികൾ ഒളിവിൽ

murder
 ഇടുക്കി: പിതാവിനെ മർദിച്ചത് ചോദിക്കാന്‍ ചെന്ന മകനെ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചു. സംഭവത്തെ ഇടുക്കി സ്വദേശിയായ, മൂന്നാര്‍ പെരിയവാര സ്റ്റാന്‍ഡില്‍ വര്‍ക്‌ഷോപ്പ് നടത്തുന്ന രാമര്‍ ആണ് ഗുരുതര പരിക്കോടെ ചികിത്സയില്‍ കഴിയുന്നത്.ഓട്ടോറിക്ഷ ഡ്രൈവര്‍മാരായ മദന്‍കുമാര്‍, കാര്‍ത്തിക്, മുനിയാണ്ടി രാജ് എന്നിവർ ചേർന്നാണ് യുവാവിനെ ആക്രമിച്ചത്. സംഭവത്തിനു പിന്നാലെ മൂന്ന് പേരും ഒളിവിലാണ്.  കഴിഞ്ഞ ദിവസമാണ് സംഭവങ്ങളുടെ തുടക്കം. ഇന്നലെ രാമറിന്‍റെ പിതാവ് അയ്യാദുരൈ വാഹനം പാര്‍ക്ക് ചെയ്‌തതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം തുടങ്ങിയത്. പ്രതികളുടെ ഓട്ടോറിക്ഷയ്ക്ക് മുന്നിലാണ് അയ്യാദുരൈ വാഹനം പാര്‍ക്ക് ചെയ്‌തത്. ഇതേ ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അയ്യാദുരൈക്ക് മര്‍ദനമേറ്റു.വിവരമറിഞ്ഞ രാമര്‍ വൈകിട്ട് ഓട്ടോ സ്റ്റാന്‍ഡിലെത്തി. അച്ഛനെ തല്ലിയതുമായി ബന്ധപ്പെട്ട് രാമറും പ്രതികളുമായി തര്‍ക്കം ഉണ്ടായി. പ്രതികള്‍ രാമറിനെയും മര്‍ദിച്ചു. മര്‍ദനത്തിനിടെ കത്തിയെടുത്ത് രാമറിന്‍റെ കൈയിലും വയറിലും മാരകമായി കുത്തി മുറിവേല്‍പ്പിക്കുകയുമായിരുന്നു.  

Share this story